സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം; വിവാദം
Kerala News
സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd July 2023, 11:41 am

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍
സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ച നടപടിയില്‍ സാഹിത്യ ലോകത്ത് വിമര്‍ശനം. ഡോ. എം. ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവപിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെ.എ. ജയശീലന്റെ സമാഹരിച്ച കവിതകള്‍, കെ.പി. ജയശങ്കര്‍ എഴുതിയ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ തുടങ്ങിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യമുള്ളത്.

വിഷയത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചു. സംഭവം താനറിഞ്ഞില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. എഴുത്തുകാരായ ശാരദക്കുട്ടി, അന്‍വര്‍ അലി, വീരാന്‍കുട്ടി, സുധീര്‍ എന്‍.ഇ, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ഉള്‍പ്പെടെയുള്ളവരും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി.

എന്നാല്‍ വിവാദം അനാവശ്യമാണെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കര്‍ പ്രതികരിച്ചു. എംബ്ലം വെക്കണമെന്ന് താനാണ് നിര്‍ദേശം നല്‍കിയതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് ഈ എംബ്ലം വെച്ചതെന്നും സി.പി. അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണ നടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചില സുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്.

ചില പ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്,’ സി.പി. അബൂബക്കര്‍ പറഞ്ഞു.

വിഷയത്തില്‍ വിവിധ പ്രതികരണങ്ങള്‍

എസ്. ശാരദക്കുട്ടി

‘പേര് നെറ്റിയില്‍ ഒട്ടിക്കുന്നൊരു നാടുണ്ട്.
ജാതി നെറ്റീല്‍ കാട്ടി നടക്കും നാടുണ്ട്.
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചു കാട്ടും
നാടുണ്ട്.
വിശ്വാസം വെളിക്കു കാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കു കാട്ടി നടക്കുന്നതു പോലെയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങള്‍ക്ക് ശിശ്‌നമുണ്ടെന്ന്.
പക്ഷേ എനിക്കത് കാണണ്ട’
കെ.എ. ജയശീലനെഴുതിയ കവിതയാണ്. വിശ്വാസത്തിന്റെ പേര് നെറ്റിയില്‍ വേണ്ട എന്നെഴുതിയ കവി വലിയ രാഷ്ട്രീയമാണ് പറഞ്ഞത്.
അദ്ദേഹത്തിന്റെയും അതേ പോലെ ചിന്തിക്കുന്നവരുടെയും നെറ്റിയില്‍ നിന്ന് ആ സര്‍ക്കാര്‍ പരസ്യം മാറ്റുന്നതായിരിക്കും കവികളുടെ വിശ്വാസങ്ങളെ മാനിക്കുവാന്‍ ബാധ്യതയുള്ള സാഹിത്യഅക്കാദമിയുടെ യശസ്സിന് നല്ലത്.

വീരാന്‍കുട്ടി

കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. അക്കാദമികള്‍ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണാനുകൂലികളെ നിയമിച്ച് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ മോദി സര്‍ക്കാര്‍പോലും സ്വന്തം ഭരണത്തിന്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുന്‍കൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു. സര്‍ക്കാര്‍ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാന്‍ വഴിയില്ല.

പകരം പാര്‍ട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തന്റെ വിധേയത്വമറിയിക്കാന്‍ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവര്‍ വിശദമാക്കട്ടെ. ഇത് ഒരു പുസ്തകക്കവറിന്റെ പ്രശ്‌നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിന്റെയും സൂചനയതിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ ഈ നടപടി ഇടയാക്കും. അതിനാല്‍ സാഹിത്യ അക്കാദമി പ്രസ്തുത പുസ്തകങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അന്‍വര്‍ അലി

എഴുത്താളരെല്ലാം സര്‍ക്കാരിന്റെ പരസ്യം പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എഴുത്താളര്‍ പരസ്യമായി ഇക്കാര്യത്തിലുള്ള താന്താങ്ങളുടെ നിലപാട് പറയേണ്ടതാണ്. അക്കാദമി പ്രസിഡന്റും ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുക്കണം. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല എന്നാണ് ഒരു വാര്‍ത്താ മാധ്യമത്തില്‍ നിന്ന് അറിഞ്ഞത്. അങ്ങനെയെങ്കില്‍ കവി സച്ചിദാനന്ദന്‍ സര്‍ക്കാരിനെ തന്റെ എതിര്‍പ്പറിയിക്കുകയും, അതിനുള്ള സര്‍ക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം രാജിക്കത്ത് തയ്യാറാക്കാനോ പരസ്യമച്ചടിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കാനോ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

സര്‍ക്കാരിന്റെ സാമ്പത്തികവും ഭരണപരവുമായ പരിരക്ഷ ഉള്ളതിനാല്‍, അക്കാദമി പുസ്തകങ്ങളുടെ ചട്ട സര്‍ക്കാരിന്റെ പരസ്യപ്പലകയാക്കുന്നതില്‍ അനൗചിത്യമില്ലെന്ന് ഉദ്യോഗസ്ഥനായ സെക്രട്ടറി കരുതുന്നുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെ ഔദ്യോഗികനിലപാടാണ്. ആയിക്കോട്ടേ. പക്ഷേ, അശോകന്‍ ചെരുവില്‍, സുനില്‍ പി. ഇളയിടം, ഇ പി രാജഗോപാലന്‍ എന്നിത്യാദി അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളുടെ നിലപാട് എന്താണ്? അവര്‍ ആയത് വ്യക്തമാക്കേണ്ടതാണ്.

സുധീര്‍ എന്‍.ഇ

എഴുത്തുകാരോടാണ് പറയുവാനുള്ളത്. അല്ലെങ്കില്‍ പകര്‍പ്പവകാശം കയ്യാളുന്നവരോട്. സര്‍ക്കാര്‍ പരസ്യത്തോടെ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച രചനകളുടെ പ്രസിദ്ധീകരണ കരാര്‍ റദ്ദ് ചെയ്ത് പുസ്തകം പിന്‍വലിക്കണം. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരസ്യം ചുമന്നോളാമെന്ന് കരാറില്‍ പറഞ്ഞിരിക്കാനിടയില്ലല്ലോ. അതിനാല്‍ ഇത് കരാറിന്റെ ലംഘനമാണ്.
സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതികള്‍ ധാരാളമായൊന്നും വിറ്റുപോകാറില്ലല്ലോ. അപ്പോള്‍ അവയുടെ കവര്‍ ഒരു മെച്ചപ്പെട്ട പരസ്യ ഇടവുമല്ല. എന്നിട്ടും അവിടെ തന്നെ പരസ്യം കൊടുക്കണം എന്ന് തീരുമാനിച്ച യുക്തി കടന്നുകയറ്റത്തിന്റെതാണ്.

എന്തുമാകാമെന്ന ഫാസിസ്റ്റ് ചിന്തയുടേത്. നിങ്ങള്‍ എഴുത്തുകാര്‍ക്ക്
ഇത് മുളയിലേ നുള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്ക് ?
പുസ്തകങ്ങള്‍ പിന്‍വലിച്ച് പ്രതിരോധിക്കണം.
ആ പരസ്യങ്ങള്‍ അക്കാദമി ഗോഡൗണിലെ ചിതലുകള്‍ മാത്രം ആസ്വദിച്ചാല്‍ മതി എന്നു തീരുമാനിക്കണം.
ഓര്‍ക്കുക, ഫാസിസം ഒരു പകര്‍ച്ചവ്യാധിയാണ്. അധികാരവുമായി എളുപ്പം പ്രണയത്തിലാവുന്ന ഒന്ന്. നിലപാടുകളിലൂടെ മാത്രമെ അതിനെ ചെറുത്തു തോല്‍പിക്കാനാവൂ.

Content Highlight: Criticism, printing the advertisement of the state government In books published by Kerala Sahitya Akademi