'ആണ്‍കുട്ടികളെ വഞ്ചിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പാഠം'; ക്രൂര കൊലപാതകത്തെ ന്യായീകരിച്ച് സൈബര്‍ ആണ്‍കൂട്ടം; ശ്യാംജിത്തുമാര്‍ അവതരിക്കുന്നതിങ്ങനെയെന്ന് വിമര്‍ശനം
Kerala News
'ആണ്‍കുട്ടികളെ വഞ്ചിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പാഠം'; ക്രൂര കൊലപാതകത്തെ ന്യായീകരിച്ച് സൈബര്‍ ആണ്‍കൂട്ടം; ശ്യാംജിത്തുമാര്‍ അവതരിക്കുന്നതിങ്ങനെയെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 4:40 pm

കോഴിക്കോട്: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് താഴെയുള്ള മോശം കമന്റുകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. കൊലപതാകത്തിനിരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും കൊലപാതകിയെ ന്യായീകരിച്ചുമുള്ള കമന്റുകള്‍ക്കെതിരെയാണ് വിമര്‍ശനമുയരുന്നത്.

വിഷ്ണുപ്രിയ കൊലപാതകത്തെക്കുറിച്ച് ന്യൂസ് പോര്‍ട്ടലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് താഴെയാണ് വിദ്വേഷ കമന്റുമായി ചിലര്‍ രംഗത്തെത്തിയത്.

‘തേപ്പ് ഒരു ക്രിമിനല്‍ കുറ്റമാണ്, ആണ്‍കുട്ടികളെ വഞ്ചിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പാഠം, സത്യ എന്താണെന്ന് ദൈവത്തിന് മാത്രം അറിയാം,’ തുടങ്ങിയ കമന്റുകളാണ് വാര്‍ത്തകള്‍ക്ക് താഴെ വരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രണയത്തില്‍ യെസ് പറയാന്‍ പഠിക്കുന്നത് പോലെ നോ പറയാനും പഠിക്കണം എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഇട്ടിരുന്നു.

അത് വാര്‍ത്തയാക്കിയ വാര്‍ത്താ ലിങ്കിന് താഴേയും അവരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളുടെ കുത്തൊഴുക്കാണ്. തേപ്പുകാരി, നല്ലത് കിട്ടിയപ്പോ പഴയതിനെ കളഞ്ഞു, അനുഭവം ഗുരു എന്നൊക്കെയാണ് വിദ്വേഷ കമന്റുകള്‍.

വിഷ്ണുപ്രയ കേസിലെ പ്രതി ശ്യാംജിത്തിന്റെ അതേ മനോനിലയിലുള്ളവരാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നിലെന്നാണ് ഇത്തരം കമന്റുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍.

‘ഭയക്കണം! ഇവര്‍ക്കൊപ്പം പങ്കാളി ആയി കഴിയണ്ടി വരുന്ന സ്ത്രീകള്‍. എന്നങ്കിലും വിയോജിച്ച്
പിരിയേണ്ടി വന്നാല്‍, അവരില്‍ ഒരു ‘കൊലയാളി ശ്യാംജിത്ത് ‘അവതരിക്കുമെന്നതിനെ!,’ എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.

നഷ്ടപ്രണയങ്ങളെ കുറിച്ച് നൂറ് കവിതകള്‍ രചിക്കുന്നവര്‍ ഇനിയല്‍പ്പം പ്രണയ നഷ്ടങ്ങള്‍ പക്വമായി ഉള്‍ക്കൊള്ളാനുള്ള കവിതകള്‍ കൂടി എഴുതാന്‍ ശ്രമിക്കണമെന്നാണ് വിഷയം മുന്‍നിര്‍ത്തി ശ്രീകാന്ത് പി.കെ എന്നയാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.

Content Highlight:  Criticism on social media against the bad comments under the news related to Panur Vishnupriya murder case