Kerala News
വന്ദേ ഭാരത് ആരുടെയും ഔദാര്യമല്ല; സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല; വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 14, 07:45 am
Friday, 14th April 2023, 1:15 pm

പാലക്കാട്: വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ളാഗ് ഓഫിനെക്കുറിച്ച് സംസ്ഥാനത്തിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്‌മാന്‍. അത്തരത്തില്‍ ഒരു അറിയിപ്പ് ലഭിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്കെത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ അതിനെ സംസ്ഥാനത്തോടുള്ള പ്രത്യക പരിഗണനയായി കാണാന്‍ കഴിയില്ലെന്നും ആര്‍.എസ്.പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

വന്ദേ ഭാരതിന്റെ കാര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും എം.പിമാരും ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ പൊതു സമൂഹത്തിനോ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കാര്യങ്ങള്‍ കുറേക്കൂടി സുതാര്യമാകണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്ദേ ഭാരത് ആരും ഔദാര്യമായി തരുന്നതല്ലെന്നും രാജ്യത്ത് നടക്കുന്ന റെയില്‍ രംഗത്തുണ്ടാകുന്ന വികസനത്തിന്റെ ഭാഗമായി വേണം അതിനെ കാണേണ്ടതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

വിഷുക്കൈനീട്ടമെന്നൊക്ക പറഞ്ഞ് ഓവര്‍ ഹൈപ്പ് ഉണ്ടാക്കുന്നത് സങ്കുചിതമായ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിഷുക്കൈനീട്ടമാണ് വന്ദേഭാരത് ട്രെയിന്‍ എന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞിരുന്നു.

അതേസമയം നിര്‍മാണം പൂര്‍ത്തിയായ വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി. വൈകിട്ടോടെ കൊച്ചുവേളിയിലെത്തും. ഏപ്രില്‍ 22ഓട് കൂടി പരീക്ഷണയോട്ടങ്ങള്‍ ആരംഭിക്കുമെന്നും അതിന് ശേഷം തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗതയെങ്കിലും കേരളത്തില്‍ 100 കിലോ മീറ്റര്‍ വേഗത്തിലേ വന്ദേ ഭാരത് സഞ്ചരിക്കൂ. 16 കോച്ചുകളുള്ള ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുമെന്നും എട്ട് സ്‌റ്റോപ്പുകളായിരിക്കും ഉണ്ടായിരിക്കുകയെന്നുമാണ് വിവരം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാകും വന്ദേഭാരതിന് സ്‌റ്റോപ്പുകളുണ്ടാവുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴര മണിക്കൂറിനുള്ളില്‍ കണ്ണൂരിലെത്തും. പൂര്‍ണമായും ശീതീകരിച്ച വന്ദേ ഭാരതില്‍ ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് കോച്ച് എന്നിങ്ങനെ രണ്ട് ക്ലാസുകളാണുണ്ടാവുക. ജി.പി.എസ്, ബയോ വാക്വം ടോയ്‌ലറ്റ്, ഓട്ടോമാറ്റിക് ഡോറുകള്‍, വൈഫൈ എന്നീ സംവിധാനങ്ങള്‍ ട്രെയിനിലുണ്ടാകും.

Content Highlights: Criticism against vande bharat train