ഓണാഘോഷം സാത്താന്റെ ശൈലി; ഈശോയെ അവഗണിച്ച് യഥാര്‍ത്ഥ ബലിയല്ലാത്ത ഒരാളെ വരവേല്‍ക്കുന്നത് ശരിയല്ല; ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം
Kerala News
ഓണാഘോഷം സാത്താന്റെ ശൈലി; ഈശോയെ അവഗണിച്ച് യഥാര്‍ത്ഥ ബലിയല്ലാത്ത ഒരാളെ വരവേല്‍ക്കുന്നത് ശരിയല്ല; ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th September 2022, 3:50 pm

കോട്ടയം: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനം. യഥാര്‍ത്ഥ മഹാബലി ഈശോ തന്നെയാണെന്നും, ഈശോയെ അവഗണിച്ച് ശരിക്കും ബലിയല്ലാത്ത ഒരാളുടെ ആഘോഷത്തെ വരവേല്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്ന വീഡോയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാലാ രൂപതക്ക് കീഴിലെ വികാരിയാണ് ഫാ. തോമസ് വാഴച്ചാരിക്കല്‍.

കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നതില്‍ എന്ത് നന്മയാണുള്ളതെന്ന് ഫാ. തോമസ് വാഴച്ചാരിക്കല്‍ ചോദിക്കുന്നു. മറ്റുള്ളവരെ ഓര്‍ത്തും അവര്‍ എന്ത് ചിന്തിക്കുമെന്ന് ഓര്‍ത്തും ഒരു വിശ്വാസി മുന്നോട്ട് പോകാന്‍ പാടില്ല. ദൈവത്തിന്റെ മുഖത്തേക്കാണ് നമ്മള്‍ നോക്കേണ്ടത്. ദൈവം തമ്പുരാന്റെ കൃപയനുസരിച്ചാകണം ഒരു വിശ്വാസിയുടെ ജീവിതം മുന്നോട്ടുപോകേണ്ടതെന്നും ഫാദല്‍ തോമസ് വാഴച്ചാരിക്കല്‍ പറഞ്ഞു.

‘ഓണാഘോഷത്തിന്റെ ചൈതന്യം മുഴുവനും ഒരു പൈശാചിക അരുവിയെ സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഹൈന്ദവ സഹോദരങ്ങളുടെ വിശ്വാസം. നമ്മള്‍ പായസമുണ്ടാക്കി കുടിക്കുന്നു, ഓണസദ്യ നമ്മള്‍ കഴിക്കുന്നു. അങ്ങനെ പാപിയെ സ്വീകരിക്കല്‍ നമ്മള്‍ ആഘോഷിക്കുന്നു. എന്തുമാത്രം പൈശാചിക പ്രവര്‍ത്തിയാണ് നമ്മള്‍ ചെയ്യുന്നത്.

കൂട്ടായ്മകളും സന്തോഷവും ഉള്‍പ്പെടെ ഒരുപാട് നല്ല കാര്യങ്ങള്‍ ഓണത്തിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ട്. എന്നാല്‍ കാണം വിറ്റ് ഓണം ആഘോഷിക്കുന്നതില്‍ എന്ത് നന്മയാണുള്ളത്.

നമുക്കുള്ളതെല്ലാം വിറ്റുതുലച്ച് ഓണം ആഘോഷിക്കണം എന്നുള്ള കണ്‍സെപ്റ്റ് ബുദ്ധിയുള്ള ഒരു വ്യക്തിക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത്തരം ബാഹ്യമായ ആഘോഷ രീതി തികച്ചും ലൗകികമാണ്. ഇത് സാത്താന്റെ ശൈലിയാണ്.

ഓണക്കാലത്ത് പാടുന്ന മഹാബലിയുടെ പാട്ട് അടുത്ത കാലത്തുണ്ടായതാണ്. കള്ളവും ചതിയുമൊന്നുമില്ലാത്ത ഒരു കാലഘട്ടവും നമുക്ക് കാണാന്‍ കഴിയില്ല,’ ഫാദര്‍ തോമസ് വാഴച്ചാരിക്കല്‍ പറഞ്ഞു.