കൊച്ചി: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം.
ഒരാള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തെ അറിയിക്കുന്നത് വരെ വാര്‍ത്ത നല്‍കാതിരിക്കുന്നത് മിനിമം ജേര്‍ണലിസം എത്തിക്‌സാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
നിദയുടെ മരണവാര്‍ത്ത പിതാവ് വിമാനത്താവളത്തിലെ ടി.വിയിലൂടെയാണ് അറിഞ്ഞതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇതുസംബന്ധിച്ച് വിമര്‍ശനമുയരുന്നത്. ആദ്യം റിപ്പോര്‍ട്ട് ചെയ്തു എന്ന മേനി പറയുന്ന മാധ്യമങ്ങള്‍ മനുഷ്യത്വത്തെ
കണക്കിലെടുക്കില്ലെന്നാണ് പൊതുവായ വിമര്‍ശനം.
‘പല തരത്തില്‍ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ്. ഒരാള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തെ അറിയിക്കുന്നത് വരെയെങ്കിലും ബ്രേക്കിങ് ന്യൂസ് കൊടുക്കരുതെന്ന അടിസ്ഥാന മാനുഷിക ചിന്ത എന്നാണ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകുന്നത്,’ എന്നാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിഷയത്തില്‍ ഫേസ്ബുക്കില്‍ എഴുതിയത്.
അതേസമയം, നിദ ഫാത്തിമയുടെ മരണം മനപൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്ന് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ പറഞ്ഞു. ആള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഇതിന് ഉത്തരവാദികളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.