'ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള പരിഷ്‌കാരങ്ങള്‍; ഉദ്ഘാടനച്ചടങ്ങ് പോലും ഇല്ലാത്ത ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മാച്ചിന് മാത്രം എന്ത് പ്രത്യേകത?'
icc world cup
'ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള പരിഷ്‌കാരങ്ങള്‍; ഉദ്ഘാടനച്ചടങ്ങ് പോലും ഇല്ലാത്ത ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മാച്ചിന് മാത്രം എന്ത് പ്രത്യേകത?'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th October 2023, 4:47 pm

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തിനാണ് ഒക്ടോബര്‍ 14ന് കളമൊരുങ്ങുന്നത്. ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം പാടിപ്പുകഴ്ത്തപ്പെട്ട ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

ഏറെ ആവേശത്തോടെയാണ് ഈ പോരാട്ടത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. ‘മോക്കാ മോക്കാ’ പരസ്യഗാനമുള്‍പ്പെടെ ഈ മത്സരത്തിന് നല്‍കിയതും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ഹൈപ്പ് വളരെയധികമാണ്.

പല പ്രത്യേകതകളോടും കൂടിയാണ് ഈ മത്സരം നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മത്സരത്തിന് മുമ്പ് പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കുമെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരടക്കമുള്ള വമ്പന്‍ താരനിര മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അര്‍ജീത് സിങ്ങിന്റെ പ്രത്യേക പരിപാടിയും മത്സരത്തോടനുബന്ധിച്ച് നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഈ നീക്കത്തിന് പിന്നാലെ വമ്പന്‍ വിമര്‍ശനമാണ് അപെക്‌സ് ബോര്‍ഡിനും സംഘാടകര്‍ക്കും എതിരെ ഉയരുന്നത്. ലോകകപ്പിലെ മറ്റൊരു മത്സരത്തിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ളത് എന്നാണ് എല്ലാവരും ഒരുപോലെ ചോദിക്കുന്നത്.

ഉദ്ഘാടന ചടങ്ങ് പോലും സംഘടിപ്പിക്കാതിരുന്ന ഈ ലോകകപ്പില്‍ ഒരു മത്സരത്തിന് മാത്രം ഇത്രയും പരിഗണന നല്‍കുന്നത് എന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്.

ഐ.സി.സിക്കും സംഘാടകര്‍ക്കും ഏറ്റവുമധികം ലാഭമുണ്ടാക്കിക്കൊടുക്കുക ഇന്ത്യ – പാകിസ്ഥാന്‍ മാച്ച് തന്നെയാണ്. ആയതിനാല്‍ ജനങ്ങളെ പറ്റിക്കാനുള്ള പുതിയ തന്ത്രമാണ് ഇതെന്നും വിമര്‍ശനമുയരുന്നുണ്ട്.

ലോകകപ്പിലെ ഏറ്റവും ഓവര്‍ഹൈപ്ഡ് ആയ മത്സരവും ഇതുതന്നെയാണ്. ഏഷ്യ കപ്പിലടക്കമുള്ള മറ്റ് ടൂര്‍ണമെന്റുകളിലും ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ തന്നെ വരുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ.

50 ഓവര്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഏഴ് തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ ഏഴ് തവണയും ഇന്ത്യയായിരുന്നു വിജയിച്ചത്.

2019 ലോകകപ്പില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ 89 റണ്‍സിനാണ് പാകിസ്ഥാനെ തകര്‍ത്തുവിട്ടത്. ഓള്‍ഡ് ട്രാഫാര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ നേടിയത്.

337 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് മുമ്പില്‍ മോശം കാലാവസ്ഥയും പ്രതിബന്ധമായി നിന്നു. 40 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സ് എന്ന നിലയില്‍ മത്സരം അവസാനിപ്പിക്കേണ്ട സാഹചര്യം ഉടലെടുക്കുകയും ഡക്ക് വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം ഇന്ത്യ 89 റണ്‍സിന് വിജയിക്കുകയുമായിരുന്നു.

 

Content Highlight: Criticism against organizing special function before India-Pakistan match