പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ അർജന്റൈൻ നായകൻ ലയണൽ മെസിക്കെതിരെ പന്ത് തട്ടുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സൗദി അറേബ്യൻ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാൾഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അൽനസറിൽ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എന്നാൽ ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അൽ നസറിലെ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നസ്റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (എഫ്.എ) ഏർപ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.
സൗദി പ്രോ ലീഗിൽ 14ന് അൽ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാൾഡോ കളിക്കില്ലെന്ന് അൽ നസർ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാൾഡോ അൽ നസർ ജേഴ്സിയിൽ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പി.എസ്.ജിക്കെതിരായ മത്സരത്തിൽ തന്നെ അൽ നസർ റൊണാൾഡോയെ കളിപ്പിച്ചേക്കുമെന്നാണ് അൽ നസർ പരിശീലകൻ റൂഡി ഗാർഷ്യ അറിയിച്ചത്.
അൽ നസറുമായുള്ള പി.എസ്.ജിയുടെ മത്സരത്തിൽ മെസിക്കൊപ്പം സൂപ്പർ താരം കിലിയൻ എംബാപ്പെയും കളിക്കാനിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. റിയാദിലെ മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ‘റിയാദ് സീസൺ’ സൗഹൃദ ടൂർണമെന്റിലാണ് പി.എസ്.ജിയും അൽ നസറും കളിക്കുക.
സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അൽ-നസറിന്റെയും അൽ-ഹിലാലിന്റെയും ഏറ്റവും മുൻനിര താരങ്ങൾ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നിൽ അണിനിരക്കുക.
പ്രതിവർഷം 200 മില്യൺ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അൽ നസർ നൽകിയിരിക്കുന്നത്. കളിക്കാരനെന്ന നിലയിൽ കരാർ അവസാനിച്ചാൽ ടീമിന്റെ പരിശീലകനാവാനും റൊണാൾഡോക്ക് കഴിയും.