Football
എല്ലാം യൂറോപ്പിലേത് പോലെത്തന്നെ, എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ ഒരു കാര്യം ബുദ്ധിമുട്ടിച്ചു: റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 02, 02:08 pm
Friday, 2nd June 2023, 7:38 pm

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് എത്തിയതിന് ശേഷം താന്‍ അഭിമുഖീകരിച്ച വെല്ലുവിളിയെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളിന്റെ കാര്യത്തില്‍ മറ്റെല്ലാം യൂറോപ്പിലേത് പോലെ തന്നെയാണെന്നും എന്നാല്‍ പരിശീലനത്തിന്റെ കാര്യം വിചിത്രമായി തോന്നിയെന്നും റൊണാള്‍ഡോ പറഞ്ഞു. സൗദി പ്രോ ലീഗ് ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ട്, പക്ഷെ എല്ലാം യൂറോപ്പിലേത് പോലെ തന്നെ. യൂറോപ്പില്‍ അതിരാവിലെയാണ് ഞങ്ങള്‍ പരിശീലത്തിന് ഇറങ്ങുന്നത്. എന്നാല്‍ സൗദിയില്‍ ഉച്ചതിരിഞ്ഞാണ് ട്രെയ്‌നിങ് ആരംഭിക്കുന്നത്. റമദാന്‍ ആരംഭിക്കുമ്പോള്‍ അത് രാത്രി 10 മണിയൊക്കെയാകും. അത് വളരെ വിചിത്രമായി തോന്നി,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, റൊണാള്‍ഡോ യൂറോപ്പിലേക്ക് തിരിച്ചു പോകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ റൊണാള്‍ഡോയുടെ പ്രതികരണം ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിരുന്നു. സൗദിയില്‍ താന്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ഇവിടെ തുടരുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞതായാണ് റൊമാനോയുടെ ട്വീറ്റ്.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.

അതേസമയം, സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായിരുന്നു.

Content Highlights: Cristiano Ronaldo talking about the challenges he is facing at Saudi Arabia