ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്.
ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഇരട്ട ഗോളാണ് പോര്‍ചുഗലിന് തുണയായത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54ാം മിനിട്ടിലായിരുന്നു ബ്രൂണോയുടെ ഗോള്‍ വന്നത്. അവസാന പകുതിയില്‍ ലഭിച്ച ഇഞ്ച്വറി ടൈമില്‍ ബ്രൂണോയുടെ തന്നെ പെനാല്‍ട്ടിയിലൂടെ പോര്‍ചുഗല്‍ രണ്ടാം ലീഡുയര്‍ത്തുകയായിരുന്നു.
ഇതില്‍ ആദ്യ ഗോളിന്റെ അവകാശിയാരാണെന്നത് സംബന്ധിച്ച ചില സംശയങ്ങളും മത്സരത്തിനിടെയുണ്ടായി.
ഇടതുവിങ്ങില്‍ നിന്ന് ഉറുഗ്വേയുടെ പ്രതിരോധ മതിലിനെ മറികടന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് വലയിലെത്തുകയാന്നു. ഈ പന്ത് ഹെഡ് ചെയ്യാനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാടിയിരുന്നു. ഇതാണ് കാര്യങ്ങള്‍ കണ്‍ഫ്യൂഷനാക്കിയത്.
പന്ത് റോണോയുടെ തലയില്‍ തട്ടി ഗോളാകുകയായിരുന്നു എന്നാണ് ആദ്യം കരുതിയത്. ഗോള്‍ നേട്ടവും താരത്തിന്റെ പേരിലാണ് അടയാളപ്പെടുത്തിയത്. എന്നാല്‍, ബ്രൂണോയുടെ ക്രോസ് നേരിട്ട് തന്നെ വലയിലെത്തിയെന്നത് കണ്ടെത്തിയതോടെ തീരുമാനം തിരുത്തുകയായിരുന്നു.
അതേസമയം, ഗ്രൂപ്പ് എച്ചില്‍ രണ്ടാം മത്സരത്തിലെ തോല്‍വിയോടെ ഉറുഗ്വേയുടെ ഭാവി തുലാസിലായി. മറ്റ് മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഉറുഗ്വേയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത.
രണ്ട് മത്സരത്തില്‍ രണ്ടും വിജയിച്ച് ആറ് പോയിന്റുമായി പോര്‍ചുഗലാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ട് കളിയില്‍ ഒരു തോല്‍വിയും ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള ഘാന രണ്ടാം സ്ഥാനത്താണ്. ഒരു സമനിലയും ഒരു പരാജയവുമുള്ള സൗത്ത് കൊറിയയും ഉറുഗ്വേയും ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്താണ്.