Football
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി ഞാൻ ആ ടീമിന്റെ പേര് പറയും: റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 10, 02:43 pm
Tuesday, 10th September 2024, 8:13 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലബ്ബ് ഏതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെയാണ് റൊണാള്‍ഡോ ഏറ്റവും മികച്ച ക്ലബ്ബായി തെരഞ്ഞെടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനൊപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ അവിസ്മരണീയമായ ഒരു പിടി ചരിത്ര നേട്ടങ്ങള്‍ സ്വന്തമായുള്ള ടീമാണ് റയല്‍ മാഡ്രിഡ്. യൂറോപ്പിലെ ക്ലബ്ബ് തലത്തിലെ ഏറ്റവും മികച്ച പോരാട്ടമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ടീം റയല്‍ മാഡ്രിഡ് ആണ്. 15 തവണയാണ് ലോസ് ബ്ലാങ്കോസ് യൂറോപ്പ് കീഴടക്കിയത്. ഏഴ് യു.സി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഇറ്റാലിയന്‍ കരുത്തരായ എ.സി മിലാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരും റയല്‍ മാഡ്രിഡ് തന്നെയാണ്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരായി മാറിയത്.

സ്പാനിഷ് ലീഗില്‍ 36 തവണയും ലോസ് ബ്ലാങ്കോസ് വിജയികളായിട്ടുണ്ട്. ഈ സീസണിലും കഴിഞ്ഞ സീസണിലെ കിരീട നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ റയല്‍ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്.

നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും രണ്ട് വീതം വിജയവും സമനിലയുമായി എട്ടു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. നാലുമത്സരങ്ങളും വിജയിച്ചു കൊണ്ട് 12 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ബാഴ്‌സയുമാണ് ഉള്ളത്.

അതേസമയം സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു കരിയറാണ് റൊണാള്‍ഡോ പടുത്തുയര്‍ത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 131 അസിസ്റ്റുകളും റയല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്. 2018ലാണ് റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്.

 

Content Highlight: Cristaino Ronaldo Pick Real Madrid is the Best Club in The World