കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഫോണിലെ തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.
ഫോറന്‍സിക് പരിശോധനയില്‍ തെളിവ് വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷം ഫോണില്‍ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.
ഫോണുകള്‍ കൈമാറാന്‍ കോടതി ഉത്തരവിട്ട ജനുവരി 29നും തൊട്ടടുത്ത ദിവസവുമാണ് ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തതെന്നും മുംബൈയിലേക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കിയതായും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തന്റെ നാല് മൊബൈല്‍ ഫോണുകളിലുണ്ടായിരുന്ന, നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച കേസിലെയും തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചതെന്നും ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റിയെന്ന് മൊഴിയുണ്ടെന്നും അറിയിച്ചു.