മലയാള സിനിമയിലെ യുവതലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. അസാമാന്യമായ പ്രകടനം കൊണ്ട് ഓരോ സിനിമകളിലേയും തന്റെ കഥാപാത്രത്തെ മറ്റൊരു തലത്തിലെത്തിക്കാന്‍ ഫഹദിന് സാധിക്കാറുണ്ട്. മലയാളത്തിന് പുറത്തും നിരവധി ആരാധകരാണ് ഫഹദിനുള്ളത്.
ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. തന്റെ യൂട്യൂബ് ചാനലില്‍ നടന്‍ ശിവകാര്‍ത്തികേയനുമൊത്തുള്ള ‘ഡി.ആര്‍.എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു അശ്വിന്‍ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.
ഫഹദിനോട് തനിക്ക് കടുത്ത ആരാധനയാണെന്നായിരുന്നു പരിപാടിയില്‍ ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. ‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയൊക്കെ എനിക്ക് അഭിനയിക്കാന്‍ നാലായിരം വര്‍ഷം വേണ്ടി വരുമെന്ന്തന്നിയിട്ടുണ്ട്. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്. ഇയാള്‍ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
‘വേലൈക്കാരന്‍’ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒന്നിച്ചഭിനയിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശിവകാര്‍ത്തികേയന്‍ നായകനാവുന്ന പുതിയ ചിത്രമായ ‘ഡോക്ടറി’ന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു അശ്വിനുമായുള്ള അഭിമുഖം സംഘടിപ്പിച്ചത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ഡോക്ടര്‍ സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് കെ.ജെ.ആര്‍ സ്റ്റുഡിയോസ് എന്നിവരുടെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്.