Entertainment
ഞാന്‍ ആ സിനിമ ചെയ്യുന്ന സമയത്ത് സ്‌കൂള്‍ പിള്ളേരൊക്കെ സിനിമ ചെയ്യാന്‍ വന്നിരിക്കുകയാണോ എന്ന് ചോദിച്ചവരുണ്ട്: ബേസില്‍

സിനിമയിലെ തുടക്കത്തെ കുറിച്ചും ആ സമയത്ത് ചിലരൊക്കെ തമാശയെന്നോണം പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.

ആദ്യ സിനിമയായ കുഞ്ഞിരാമായണം ചെയ്യുമ്പോള്‍ 24 വയസ് മാത്രമാണ് പ്രായമെന്നും തന്റെ ടീമിലുള്ള എല്ലാവരും 25 വയസില്‍ താഴെ ഉള്ളവരായിരുന്നെന്നും ബേസില്‍ പറയുന്നു.

സ്‌കൂള്‍ പിള്ളേര്‍ എല്ലാവരും കൂടി സിനിമ ചെയ്യാന്‍ വന്നിരിക്കുകയാണോ എന്ന ചോദ്യം അന്ന് കേള്‍ക്കേണ്ടി വന്നിരുന്നെന്നും എന്നാല്‍ നമ്മുടെ കോണ്‍ഫിഡന്‍സും കണ്‍വിക്ഷനും തന്നെയാണ് ആത്യന്തികമായി അവിടെ വര്‍ക്കാവുകയെന്നും ബേസില്‍ പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ബേസില്‍.

‘ഞാന്‍ കുഞ്ഞിരാമായണം ചെയ്യുമ്പോള്‍, നല്ല കോണ്‍ഫിഡന്റ് ആയിട്ട് തന്നെയാണ് ആ സിനിമ ചെയ്യാനിറങ്ങിയത്. എന്റെ പ്രായമൊന്നും വലിയ കാര്യമാക്കിയിരുന്നില്ല.

എനിക്കന്ന് 24 വയസേ ഉള്ളൂ. സീനിയര്‍ ആക്ടേഴ്‌സും ലൈറ്റ് യൂണിറ്റിലുള്ള ആള്‍ക്കാരുമൊക്കെ ഇവന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന രീതിയിലാണ് നോക്കുന്നതൊക്ക. ഇവനെന്താണ് സ്‌കൂള്‍ വിട്ട് വന്നതാണോ എന്ന രീതിയിലായിരുന്നു. അങ്ങനെ തന്നെ പറഞ്ഞിട്ടുമുണ്ട്.

കാരണം ക്യാമറാമാന്‍ വിഷ്ണുവിന് 21 വയസേ ഉണ്ടായിരുന്നുള്ളൂ. എഡിറ്റര്‍ അപ്പു ഭട്ടതിരിക്ക് 24 വയസേയുള്ളൂ. ദീപുവിന് 24 വയസേ ഉള്ളൂ. ഒരുവിധം എല്ലാവരും 25 വയസിന് താഴെ ഉള്ളവരായിരുന്നു. അങ്ങനെ വന്നപ്പോള്‍ ഇതെന്താടാ എല്ലാവരും സ്‌കൂള്‍ വിട്ട് വന്നതാണോ എന്നായിരുന്നു സംസാരം.

ആ സമയത്ത് അവിടെ അങ്ങനത്തെ എന്തെങ്കിലും പ്രഷറോ ഒന്നുമല്ല നമുക്കുണ്ടായിരുന്നത്. മറിച്ച് നമ്മുടെ കണ്‍വിക്ഷനും കോണ്‍ഫിഡന്‍സുമാണ് നമ്മളെ മുന്നോട്ടുകൊണ്ടുപോകുക. എല്ലാവരേയും കൂടെ നിര്‍ത്തുക. അവര്‍ക്ക് ഡൗട്ട് ഫുള്‍ ആയിക്കഴിഞ്ഞാല്‍ അതും ബുദ്ധിമുട്ടാണ്.

എല്ലാവരും ഒരുമിച്ച് ഒരു തോണിയില്‍ പോകണം. എല്ലാവര്‍ക്കും ആ ക്ലാരിറ്റി കിട്ടണം. സീനിയര്‍ ആയിട്ടുള്ള ആക്ടേഴ്‌സിനൊക്കെ. മാമുക്കോയ ഇക്ക, ഇന്ദ്രന്‍സേട്ടന്‍, വിനീതേട്ടന്‍, ധ്യാന്‍, അജു ഏട്ടന്‍, നീരജ്, ബിജു മേനോന്‍ ഇങ്ങനെയുള്ള ആക്ടേഴ്‌സ് എല്ലാം ഉണ്ട്. ഇവരൊക്കെ ചിലപ്പോള്‍ ഡൗട്ട് ഫുള്‍ ആയെന്ന് വരാം. പ്രത്യേകിച്ച് ആദ്യത്തെ ഒന്ന് രണ്ട് ദിവസമൊക്കെ.

പക്ഷേ നമ്മള്‍ കോണ്‍ഫിഡന്റാണ്, നമുക്ക് കൃത്യമായ ക്ലാരിറ്റിയും കണ്‍വിക്ഷനും ഉണ്ട് എന്ന് ഒരു തവണ മനസിലായി കഴിഞ്ഞാല്‍ ഇവരൊക്കെ നമ്മുടെ കൂടെ നില്‍ക്കും എന്നുള്ളതാണ്,’ ബേസില്‍ പറയുന്നു.

Content Highlight: Actor Director Basil Joseph about his First Movie and a Question he face