സാഹയെ ഭീഷണിപ്പെടുത്തിയ ക്രിക്കറ്റ് ജേര്‍ണലിസ്റ്റിനെ വിലക്കാന്‍ ബി.സി.സി.ഐ; ഐ.സി.സിയെയും കാര്യങ്ങള്‍ ധരിപ്പിക്കും
Cricket
സാഹയെ ഭീഷണിപ്പെടുത്തിയ ക്രിക്കറ്റ് ജേര്‍ണലിസ്റ്റിനെ വിലക്കാന്‍ ബി.സി.സി.ഐ; ഐ.സി.സിയെയും കാര്യങ്ങള്‍ ധരിപ്പിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th April 2022, 6:21 pm

ന്യൂദല്‍ഹി: വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ കേസില്‍ ക്രിക്കറ്റ് ജേര്‍ണലിസ്റ്റ് ബോറിയ മജുംദാറിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടേക്കും. മജുംദാര്‍ കുറ്റക്കാരനെന്ന് ബി.സി.സി.ഐ കമ്മിറ്റി കണ്ടെത്തിയതായാണ് ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് മജുംദാര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത് സാഹ പരസ്യമാക്കുകയും ചെയ്തിരുന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റിന് എന്റെ എല്ലാ സംഭാവനകള്‍ക്കും ശേഷം ”ബഹുമാനപ്പെട്ട” എന്ന് വിളിക്കപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനില്‍ നിന്ന് ഞാന്‍ അഭിമുഖീകരിക്കുന്നത് ഇതാണ്. ഇവിടെയാണ് പത്രപ്രവര്‍ത്തനം പോയത്,’ എന്നായിരുന്ന സാഹയുടെ ട്വീറ്റ്.

സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകനാരെന്ന് സാഹ പറഞ്ഞിരുന്നില്ല.
സംഭവത്തിന് പിന്നാലെ പിന്നാലെ സാഹക്ക് ക്രിക്കറ്റ് ലോകത്തിന്റെ വലിയ പിന്തുണ ലഭിച്ചിരുന്നു.

വാട്സ്ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വിട്ടതിന് സാഹയെ മാധ്യമപ്രവര്‍ത്തകന്‍ ഭീക്ഷണിപ്പെടുകയും ചെയ്തിനരുന്നു. ഇതിന് പിന്നാലെയാണ് മജുംദാറാണ് ഭീഷണിക്ക് പിന്നിലെന്ന് സാഹ വെളിപ്പെടുത്തിയത്.

വിഷയത്തില്‍ ഇടപെടണമെന്ന് രവി ശാസ്ത്രി ബി.സി.സി അധ്യക്ഷന്‍ ഗാംഗുലിയോട് ആവശ്യപ്പെടുകയും ചെയ്തു. രാഹുല്‍ ദ്രാവിഡും സാഹക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, മജുംദാറിനെ ബാക്ക്ലിസ്റ്റ് ചെയ്യാന്‍ ഐ.സി.സിയോട് ബി.സി.ഐ.ഐ നിര്‍ദേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹോം മത്സരങ്ങളില്‍ മജുംദാറിന് മീഡിയ അക്രഡിറ്റേഷനും അനുവദിക്കില്ല. മജുംദാറുമായി സഹകരിക്കരുത് എന്ന് കളിക്കാരോട് നിര്‍ദേശിക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.