ന്യൂദല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകസമരമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം.എല്‍ നേതാവ് കവിത കൃഷ്ണന്‍. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നു വിളിക്കുന്ന മോദി എല്ലാ പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചനയാണെന്ന് പറയുന്നുവെന്നും ആ പ്രസ്താവന ഗോഡി മീഡിയ ആഘോഷമാക്കുകയാണെന്നും കവിത കൃഷ്ണന്‍ ട്വീറ്റ് ചെയ്തു.
‘ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ അമ്മ’ എന്ന് വിളിക്കുന്ന മോദി പ്രതിഷേധങ്ങളില്‍ (കര്‍ഷകരും, തൊഴിലാളികളും, വിദ്യാര്‍ത്ഥികളും) ഉള്ളവരെല്ലാം ഗൂഢാലോചനക്കാരാക്കുകയാണെന്ന് പറയുന്നു. ജനങ്ങള്‍ അവരെ തിരിച്ചറിയണമെന്നും അവരില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും പറയുന്നു. ഗോഡി മീഡിയയാണെങ്കില്‍ സഹഇന്ത്യക്കാരുടെ സഹനസമരങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്നവര്‍ക്കെതിരെയുള്ള ഈ വേട്ടയാടല്‍ ആഘോഷമാക്കുന്നു,’ കവിതയുടെ ട്വീറ്റില്‍ പറയുന്നു.
രാജ്യത്ത് ആന്ദോളന്‍ ജീവി(സമര/പ്രതിഷേധ ജീവി) എന്നൊരു പുതിയ വിഭാഗം ഉടലെടുത്തിരിക്കുകയാണെന്നും അഭിഭാഷകരോ വിദ്യാര്‍ത്ഥികളോ തൊഴിലാളികളോ ആരു നടത്തുന്ന പ്രതിഷേധ പ്രകടനമാണെങ്കിലും അതിലെല്ലാം പ്രത്യക്ഷമോ പരോക്ഷമോ ആയി ഇവരുടെ സാന്നിധ്യമുണ്ടാകുമെന്നുമായിരുന്നു മോദി പറഞ്ഞത്. പ്രതിഷേധം ഇല്ലാതെ ഇവര്‍ക്ക് ജീവിക്കാനാവില്ലെന്നും ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ജനങ്ങള്‍ രാജ്യത്തെ അവരില്‍ നിന്നും രക്ഷിക്കണമെന്നുമായിരുന്നു മോദി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനമുയരുന്നത്.
ന്യൂസ് 18, സി.എന്‍.എന്‍ 18 തുടങ്ങിയ മാധ്യമങ്ങള്‍ മോദിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കവിത കൃഷ്ണന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ന്യൂസ് 18ന്റെ ഉപയോഗിക്കുന്ന ഭാഷ നോക്കൂ, ‘അതിഗംഭീര പ്രസ്താവന’ ‘ഗൂഢാലോചനക്കാര്‍ക്കെതിരെ ആഞ്ഞടിക്കുന്നു’ എന്നെല്ലാമാണ് ഈ പ്രസംഗത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനാധിപത്യത്തിന്റെ തുടിക്കുന്ന ഹൃദയമാണ് പ്രതിഷേധങ്ങള്‍. പ്രതിഷേധങ്ങളെ ഗൂഢാലോചനയാക്കുമ്പോള്‍ നിങ്ങള്‍ ഒരു ഏകാധിപതിയും ഫാസിസ്റ്റുമാവുകയാണ്,’ കവിത കൃഷ്ണന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
കര്‍ഷകസമരം എന്തിന് വേണ്ടിയാണെന്ന് ആരും പറയുന്നില്ലെന്നും നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു. കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.
കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കാര്‍ഷിക പരിഷകരണത്തെക്കുറിച്ച് വാതോരാതെ പറയുകയും പരിഷ്‌കരണം വേണമെന്നതില്‍ യോജിക്കുകയും ചെയ്തിട്ട് പിന്നീട് കണ്ട യൂ ടേണ്‍ ഞെട്ടിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യം പാശ്ചാത്യ സംവിധാനമല്ലെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ജനാധിപത്യമാണ് എന്നും മോദി അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക