കൊല്ലം: മണ്‍റോ തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് ഭാര്യ രേണുക. കൊലപാതകികളുമായി മണിലാലിന് വ്യക്തിപരമായ ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും രേണുക പറഞ്ഞു. കൈരളി ടി.വിയോടായിരുന്നു രേണുകയുടെ പ്രതികരണം.
‘കേസില്‍ പിടിയിലായവരുമായി വര്‍ഷങ്ങളായി യാതൊരു അടുപ്പവുമില്ല. അവര്‍ കുടുംബ സുഹൃത്തുക്കളോ ബന്ധുക്കളോ ഒന്നുമല്ല. വ്യക്തി വിരോധമാണെന്ന് ബി.ജെ.പിക്കാര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല,’ രേണുക പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് മണിലാലിനെ കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പട്ടം തുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകന്‍, വില്ലിമംഗലം വെസ്റ്റ് പനിക്കന്തര സത്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ചയാളാണ് അശോകന്‍. ഇയാളാണ് മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇതൊരു രാഷ്ട്രീയകൊലപാതകമല്ലെന്നും മദ്യപിച്ച് വഴക്കുണ്ടായതിനെത്തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. ഒളിവില്‍ പോയ അശോകനെ രാത്രി വൈകിയാണ് പൊലീസ് പിടികൂടിയത്.
സംഭവം നടന്ന കനറാ ബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും മദ്യപിച്ചെത്തിയ അശോകന്‍ അസഭ്യവര്‍ഷം നടത്തിയപ്പോള്‍ മണിലാല്‍ കയര്‍ത്തുവെന്നും പൊലീസ് പറയുന്നു. അവിടെ നിന്നും നടന്നുപോയ മണിലാലിനെ പിന്നില്‍ നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അശോകന്‍ അടുത്തിടെയാണ് ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക