ന്യൂദല്‍ഹി: ചൊവ്വാഴ്ച ത്രിപുരയിലെ ധന്‍പുര്‍, ബോക്സാനഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വ്യാപകമായ കൃത്രിമത്വമാണ് നടന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. അസാധാരണമായ ഭീകരാന്തരീക്ഷമാണ് തെരഞ്ഞെടുപ്പ് ദിനം ത്രിപുരയില്‍ സൃഷ്ടിക്കപ്പെട്ടതെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാകണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.
സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് അട്ടിമറിച്ച് നഗ്നമായ നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളില്‍ നിന്ന് ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികളായ എല്ലാവരെയും ഉടന്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം പറഞ്ഞു.