തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കോ ഷിജു ഖാനോ വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്‌തെന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ അവരെ കുറ്റക്കാരെന്ന് പറയാന്‍ സാധിക്കില്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയുന്നത് വരെ പാര്‍ട്ടി അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.
‘കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിന് മുമ്പുവരെ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. നിയമപരമായി ദത്ത് കൊടുത്തതിന് ശേഷം കോടതി മുഖേനയായിരിക്കും നടപടികള്‍. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്.’ അദ്ദേഹം പറയുന്നു.
അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നത് മൗലീകമായ അവകാശമാണെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
അതേസമയം, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും, റിപ്പോര്‍ട്ട് കോടതിയില്‍ വന്നതിന് ശേഷമേ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച്ചയുണ്ടായെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദത്ത് വിവാദത്തില്‍ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിയ്ക്കും ഗുരുതര വീഴ്ച ഉണ്ടായെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ഡബ്ല്യു.സിക്കും ശിശുക്ഷേമ സമിതിയ്ക്കും വീഴ്ചപറ്റിയെന്ന് സൂചിപ്പിക്കുന്നത്.
വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി. അനുപമ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച സര്‍ക്കാരിന് കൈമാറും. വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും സെക്രട്ടറിയ്ക്കുമാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദ എന്നിവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.