Kerala News
കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ ബി.ജെ.പിയെ പുറത്താക്കും; രാഹുല്‍ ഗാന്ധിയാണ് വര്‍ഗീയത പറഞ്ഞത്; കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 18, 06:36 am
Tuesday, 18th January 2022, 12:06 pm

കണ്ണൂര്‍: കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്‍കിയാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ യു.ഡി.എഫിന് ഒരു പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ ന്യൂനപക്ഷ നേതാക്കള്‍ ഇല്ല. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ വര്‍ഗീയത. അതിനെ എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ചങ്കൂറ്റമില്ലാത്തെന്നും അദ്ദേഹം ചോദിച്ചു.

‘ബി.ജ.പി പറയുന്നത് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ് എന്നാണ്. രാഹുല്‍ ഗാന്ധി പറഞ്ഞത് ഹിന്ദുക്കളുടെ രാജ്യം എന്നാണ്. ഒരാള്‍ രാഷ്ട്രമെന്നും മറ്റൊരാള്‍ രാജ്യമെന്നും പറയുന്നു. ഇതുമാത്രമാണ് ബി.ജ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം,’ കോടിയേരി കൂട്ടിച്ചേര്‍ത്തു.

മോഹന്‍ ഭാഗവതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ സംസാരിച്ചത്. നേരത്തേയുള്ള നിലപാട് കോണ്‍ഗ്രസ് മാറ്റിയോ എന്നും കോണ്‍ഗ്രസ് മത നിരപേക്ഷ നിലപാടില്‍ നിന്ന് മാറിയോ എന്നുമാണ് അറിയേണ്ടത് എന്നും കോടിയേരി പ്രതികരിച്ചു.

ബി.ജെ.പിക്ക് വളമിടാനല്ല, ഒറ്റപ്പെടുത്താനാണ് തന്റെ നിലപാട്. ദേശീയതലത്തില്‍ പോലും കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് കോടിയേരി പറഞ്ഞു.

മതപരമായ സംവരണം രാഷ്ട്രീയ പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. യു.ഡി.എഫിന്റെ കാലത്ത് സാമുദായിക സംഘടനകളാണ് ഭരണം നടത്തിയത്. എസ്.പിമാരേയും കലക്ടര്‍മാരെയും വരെ സാമുദായിക അടസ്ഥാനത്തില്‍ തീരുമാനിച്ചവരാണ് യു.ഡി.എഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.