തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സി.പി.ഐ.എമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലോകായുക്ത ഭേദഗതി, സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്, വിഴിഞ്ഞം പദ്ധതിപ്രദേശത്തെ പ്രതിഷേധം അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ ഇന്ന് തുടങ്ങുന്ന സി.പി.ഐ.എം അടിയന്തര നേതൃ യോഗങ്ങളില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ സംബന്ധിച്ച അഭ്യൂഹങ്ങളുമുണ്ട്.
രണ്ടാഴ്ച മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും അദ്ദേഹം പിന്നീട് ആശുപത്രിയിലായി. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ചേരുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.
സെക്രട്ടറിയെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കാനുള്ള പാര്‍ട്ടി സംവിധാനത്തെ കുറിച്ചാണ് പ്രധാന ആലോചന. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലനാണ് കോടിയേരിയെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കുന്നത്. നേരത്തെ ചികിത്സയ്ക്കായി അവധി എടുത്തപ്പോള്‍ പകരം ചുമതല പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് നല്‍കിയിരുന്നു. ഇതിന് സമാനമായി പകരം ചുമതല നല്‍കണോ എന്ന് തീരുമാനിക്കാനാണ് അടിന്തരയോഗം ചേരുന്നതെന്നാണ് വിവരം.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കേന്ദ്ര കമ്മിറ്റി അംഗം എ. കെ. ബാലന്‍, മന്ത്രി എ.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നീ പേരുകളാണ് പരിഗണനയില്‍. മാര്‍ച്ചില്‍ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടിക്ക് പുറമേ മന്ത്രിസഭയില്‍ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാന്‍ സാധ്യതയുണ്ട്. രാവിലെ ആദ്യം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗവും സംസ്ഥാന സെക്രട്ടറിയേറ്റും ചേരും. തിങ്കളാഴ്ചയും സംസ്ഥാന സമിതി തുടരും.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത രീതിയില്‍ ഗവര്‍ണര്‍ പോര് പ്രഖ്യാപിച്ച് നില്‍ക്കുന്ന അസാധാരണ സാഹചര്യം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഈ വിഷയം പാര്‍ട്ടി നേതൃയോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിനെതിരെ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടാകും.