തിരുവന്തപുരം: കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് സി.പി.ഐ.എം. പി.ബി അംഗം ബൃന്ദ കാരാട്ട്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയിലെ പല പ്രധാന സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി സിനിമ വ്യവസായം ഉണ്ട്. അവിടെ നിന്ന് പലപ്പോഴായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു കമ്മിറ്റി രൂപീകരിക്കാൻ ആരും തയാറായിരുന്നിട്ടില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
‘കേരള സർക്കാർ രൂപീകരിച്ച ഹേമകമ്മിറ്റി ഇന്ത്യയ്ക്ക് മാതൃകയാണ്. പല പ്രധാന ഇന്ത്യൻ നഗരങ്ങളിലും സിനിമ വ്യവസായം വലിയ തോതിൽ ഉണ്ടെങ്കിലും അവിടെയുള്ള സ്ത്രീകൾക്കായി ഇത്തരം ഒരു കമ്മീഷൻ ആരും രൂപീകരിച്ചിട്ടില്ല.
അവിടെ പലയിടങ്ങളിൽ നിന്നായി സ്ത്രീകൾ അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്, അതീവ മോശം സാഹചര്യത്തിലൂടെ അവർ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന പരാതികൾ ഉയർന്നിട്ട് പോലും ഇത്തരം ഒരു കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ടില്ല. ഇത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു കമ്മീഷൻ രൂപീകരിക്കുന്നത്,’ അവർ പറഞ്ഞു.
കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെയും കേസ് എടുത്തിട്ടില്ല അതേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഇതൊരു ജുഡീഷ്യൽ കമ്മീഷൻ അല്ലെന്നായിരുന്നു ബൃന്ദയുടെ മറുപടി.
‘നോക്കൂ ഇതൊരു ജുഡീഷ്യൽ കമ്മീഷൻ അല്ല. ഇത് ചില പ്രത്യേക വിഷയങ്ങളെ അഭിസംബോധന ചെയ്യാനായി സംസ്ഥാന സർക്കാർ രൂപീകരിച്ച കമ്മിറ്റി മാത്രമാണിത്. ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിൽ പറയുന്നത് ഒരു വ്യക്തിക്കെതിരെ കേസ് എടുക്കണമെങ്കിൽ പരാതി നൽകുന്ന ഒരാൾ ഉണ്ടായിരിക്കണം അതും ആ വ്യക്തി സ്വമേധയാൽ പരാതി നൽകണം. അല്ലെങ്കിൽ അവിടെ ഒരു ജ്യുഡീഷ്യൽ കമ്മീഷൻ ഉണ്ടായിരിക്കണം. ആ കമ്മിറ്റിക്ക് കേസ് എടുക്കാൻ ശുപാർശ ചെയ്യുകയാണെങ്കിൽ കേസ് എടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ അത്തരത്തിൽ ശുപാർശകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല,’ ബൃന്ദ കാരാട്ട് പറഞ്ഞു.
അതോടൊപ്പം തങ്ങളെ ആക്രമിച്ച വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താൻ കഴിയാത്ത മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥയിൽ വളരെ ദുഃഖമുണ്ടെന്നും ഈ അവസ്ഥ മാറേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിനിരയായ സ്ത്രീക്ക് കുറ്റവാളിയുടെ പേര് പുറത്ത് പറയുന്നതിനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിക്കണമെന്നും അവർ പറഞ്ഞു.
‘സ്ത്രീകൾ അവർക്ക് മുന്നിലുള്ള മതിലുകൾ തകർക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നിട്ടും അവർക്ക് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പരാതിപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ നാം ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു,’ അവർ പറഞ്ഞു.
Content Highlight: CPIM PB member Brenda Karat reacts to the Hema Commission report