പ്രതിഷേധം വകവെച്ചില്ല; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥി
Kerala Election 2021
പ്രതിഷേധം വകവെച്ചില്ല; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 11:51 am

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന പൊന്നാനിയില്‍ തീരുമാനത്തില്‍ മാറ്റം വരുത്താതെ സി.പി.ഐ.എം. നേരത്തെ പ്രഖ്യാപിച്ച പി. നന്ദകുമാര്‍ തന്നെയാണ് പാര്‍ട്ടിയുടെ പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി. സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി വിജയരാഘവനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രകടനത്തില്‍ സ്ത്രീകളുടേയും സജീവ സാന്നിധ്യമുണ്ടായിരുന്നു.

പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദീഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചപ്പോഴും അടങ്ങിയിരുന്ന അനുഭാവികളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയം.

മലപ്പുറത്ത് സി.പി.ഐ.എമ്മിന്റെ സമുന്നതനായ നേതാവായ പാലൊളി മുഹമ്മദ് കുട്ടി 2011 ല്‍ മത്സരരംഗത്ത് നിന്ന് മാറുന്നുവെന്ന് അറിയിച്ചതുമുതല്‍ ടി.എം സിദ്ദീഖിന്റെ പേര് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാല്‍ അന്ന് ഡി.വൈ.എഫ്.ഐ നേതൃനിരയിലുണ്ടായിരുന്ന പി. ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.

പിന്നീട് 2016 ലും ശ്രീരാമകൃഷ്ണന് തന്നെ പാര്‍ട്ടി സീറ്റ് നല്‍കി. തുടര്‍ച്ചയായ രണ്ട് ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നിട്ടും ഇത്തവണ സിദ്ദീഖിന് സീറ്റ് നിഷേധിച്ചതോടെയാണ് പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.

ടി.എം സിദീഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്പിച്ചി ബാവയ്ക്ക് ശേഷം, മണ്ഡലത്തില്‍ തദ്ദേശീയനായ ഒരാളും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതും പ്രവര്‍ത്തകരുടെ രോഷത്തിന് കാരണമാകുന്നുണ്ട്.

പൊന്നാനിയില്‍ നടന്ന പ്രകടനത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ. എന്‍ മോഹനന്‍ രംഗത്തെത്തിയിരുന്നു. പൊന്നാനിയിലെ പ്രകടനം തെറ്റിദ്ധാരണമൂലമാണെന്നാണ് ഇ. എന്‍ മോഹനന്‍ പറഞ്ഞത്. പ്രകടനം നടത്തിയത് പാര്‍ട്ടി അംഗങ്ങളല്ലെന്നും ഇ. എന്‍ മോഹന്‍ദാസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്ന കുറ്റ്യാടിയിലും തീരുമാനത്തിന് മാറ്റം വരുത്തിയില്ല. സി.പി.ഐ.എം ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റില്‍ സി.പി.ഐ.എം തന്നെ മത്സരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9 പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്.

ആരെയും ഒഴിവാക്കുന്നതല്ല രണ്ട് തവണ മാനദണ്ഡം കൊണ്ടുള്ള ഉദ്ദേശമെന്നും പുതിയ ആളുകളെ ഉയര്‍ത്തികൊണ്ടുവരികയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു. തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് . തുടര്‍ഭരണം വരാതിരിക്കാന്‍, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CPIM Kerala Election 2021 candidates, P Nandakumar in Ponnani