Advertisement
Kerala
കെ.കെ ലതിക എം.എല്‍.എക്കെതിരായ തിരുവഞ്ചൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Dec 23, 06:30 pm
Monday, 24th December 2012, 12:00 am

കോഴിക്കോട്: കെ.കെ ലതിക എം.എല്‍.എക്കെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രതിഷേധിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്.[]

കോട്ടയത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനവേളയിലാണ് ലതികയ്‌ക്കെതിരെ തിരുവഞ്ചൂര്‍ പ്രസ്താവന നടത്തിയത്.

നിയമസഭയിലെ ഇരിപ്പിടത്തില്‍ ലതിക കയറിത്തുള്ളുകയാണെന്നും ഭര്‍ത്താവ് മോഹനന്‍ മാസ്റ്റര്‍ കേസില്‍ പ്രതിയായതോടെ ലതികക്ക് ഇരിക്കപ്പൊറുതി ഇല്ലെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്.

സഭയിലെ അംഗത്തിനെതിരെ തികഞ്ഞ അവകാശലംഘനമാണ് തിരുവഞ്ചൂര്‍ നടത്തിയതെന്നും സഭാ ചട്ടങ്ങളേയും നിയമങ്ങളേയും അന്തസ്സിനേയും കളങ്കപ്പെടുത്തുന്ന മൈതാന പ്രസംഗമാണ് തിരുവഞ്ചൂര്‍ നടത്തിയതെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രിയുടെ തികഞ്ഞ സ്ത്രീവിരുദ്ധ മനോഭാവമാണ് ലതികക്കെതിരായ പരാമര്‍ശങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്നും സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.

അരയിടത്തുപാലം പെണ്‍വാണിഭ കേസ് ഉള്‍പ്പെടെയുള്ള സ്ത്രീപീഡനകേസുകള്‍ പോലീസ് കുറ്റവാളികളെ രക്ഷിക്കുകയാണെന്നും കോഴിക്കോട് വട്ടക്കിണറില്‍ ദാരുണമായി കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ലതിക നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

കല്ലാച്ചിയില്‍ പതിമൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഐ.എന്‍.ടി.യു.സി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലും ലതിക ഉണ്ടായിരുന്നു.

ഇതാണ് ആഭ്യന്തരമന്ത്രിയെ ഇത്തരം പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നും സി.പി.ഐ.എം ആരോപിച്ചു. സ്ത്രീവിരുദ്ധമായ പ്രസ്താവനയ്‌ക്കെതിരെ ജനങ്ങല്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.