Kerala News
വടകരയില്‍ ശൈലജ, കോഴിക്കോട് എളമരം കരീം; മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ മത്സരരംഗത്ത്; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 27, 10:26 am
Tuesday, 27th February 2024, 3:56 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് എം.വി. ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.

മന്ത്രി കെ. രാധാകൃഷ്ണനും മുന്‍ മന്ത്രിയും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ. ശൈലജയെും അടക്കം ശക്തമായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.ഐ.എം.

എം.വി. ജയരാജന്‍ അടക്കം മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ ഇത്തവണ മത്സരം രംഗത്തുണ്ട്. ആലപ്പുഴയില്‍ സിറ്റിങ് എം.പി ആരിഫ് മത്സരിക്കുമ്പോള്‍ കൊല്ലത്ത് മുകേഷും ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും കളത്തിലിറങ്ങും.

എറണാകുളത്ത് കെ.ജെ. ഷൈനാണ് സ്ഥാനാര്‍ത്ഥി. കെ.എസ്.ടി.എ ഭാരവാഹിയാണ് ഷൈന്‍.

 

സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടിക

കാസര്‍ഗോഡ് – എം.വി. ബാലകൃഷ്ണന്‍

കണ്ണൂര്‍ – എം.വി. ജയരാജന്‍

വടകര – കെ.കെ. ശൈലജ

കോഴിക്കോട് – എളമരം കരീം

പൊന്നാനി – കെ.എസ്. ഹംസ

മലപ്പുറം – വി. വസീഫ്

പാലക്കാട് – എ. വിജയരാഘവന്‍

ആലത്തൂര്‍ – കെ. രാധാകൃഷ്ണന്‍

ചാലക്കുടി – സി. രവീന്ദ്രനാഥ്

എറണാകുളം – കെ.ജെ. ഷൈന്‍

ആലപ്പുഴ – എ.എം. ആരിഫ്

ഇടുക്കി – ജോയ്‌സ് ജോര്‍ജ്

പത്തനംതിട്ട – ഡോ. തോമസ് ഐസക്

കൊല്ലം – എ. മുകേഷ്

ആറ്റിങ്ങല്‍ – വി. ജോയി

 

കഴിഞ്ഞ ദിവസം സി.പി.ഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 20ല്‍ നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.

വയനാട് ആനി രാജ, തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍, മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാര്‍, തിരുവന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാല് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്.

നേരത്തെ ബന്ധപ്പെട്ട ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച നിര്‍ദേശം സംസ്ഥാന കമ്മറ്റിക്ക് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

 

Content highlight: CPIM announces candidate list for Loksabha Election