രാമക്ഷേത്ര പ്രതിഷ്ഠാ; സര്‍ക്കാര്‍ ഓഫീസുകളില്‍ അവധി പ്രഖ്യാപിക്കണമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ; മറ്റു പ്രതിപക്ഷ പാർട്ടികൾ മൗനത്തിൽ
ന്യൂദല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര സ്ഥാപനങ്ങളിലും ഉച്ച വരെ അവധി പ്രഖ്യാപിക്കാനുള്ള ഉത്തരവിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ ഭരണഘടനക്കും രാജ്യത്ത് മതപരമായ വിവേചനങ്ങള്‍ സൃഷ്ടിക്കരുതെന്ന സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി. തികച്ചും മതപരമായ ഒരു ചടങ്ങിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നേരിട്ട് പങ്കെടുപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും പൊളിറ്റ്ബ്യൂറോ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ മതവിശ്വാസവും മൂല്യങ്ങളും സംബന്ധിച്ച് വ്യക്തിപരമായ തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
എന്നാല്‍ അയോധ്യ ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അധികാരത്തിന്റെ കടുത്ത ദുര്‍വിനിയോഗമാണെന്ന് സി.പി.ഐ.എം പറഞ്ഞു.
അയോധ്യ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിന് സമാനമായ നടപടികള്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തുടനീളമുള്ള പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് പറഞ്ഞു.
Content Highlight: CPI(M) says the order to declare holiday in government offices on Ram Temple Pratishtha Day is unconstitutional.