തിരുവനന്തപുരം: ഐ.എന്‍.എല്‍. പിളര്‍പ്പിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സി.പി.ഐ.എം. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് വിഭാഗവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗവും അംഗീകരിച്ചാല്‍ മാത്രമേ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയായി നിലനിര്‍ത്തേണ്ടതുള്ളു എന്നാണ് സി.പി.ഐ.എം. നിലപാട്. അല്ലാത്തപക്ഷം ഐ.എന്‍.എല്‍. ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വഴി മന്ത്രിയുടെ രാജി വാങ്ങാനാണ് സി.പി.ഐ.എം. തീരുമാനം.
മുന്നണിയിലെ ഒരു പാര്‍ട്ടി പിളര്‍ന്നുകഴിഞ്ഞാല്‍ ഇരു വിഭാഗത്തേയും മുന്നണിയില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന സി.പി.ഐ.എമ്മിന്റെ പൊതുനിലപാടിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അബ്ദുള്‍ വഹാബിനെ വിമര്‍ശിച്ച് ദേശീയ നേതൃത്വം രംഗത്തെത്തി. പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങളില്‍ അബ്ദുള്‍ വഹാബിന് വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. പുതിയ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദേശീയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമ്മില്‍ തല്ലിന് പിന്നാലെ ഐ.എന്‍.എല്‍. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തനിക്കാണെന്ന് പറഞ്ഞ് കാസിം ഇരിക്കൂര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.