'ഇത്തരക്കാര്‍ പെണ്‍പ്രതിമകളാല്‍ പോലും പ്രലോഭിതരാകും, അത് പുരോഗമനവാദിയെന്ന് അവകാശപ്പെട്ടാലും'
തൊടുപുഴ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് അലന്‍സിയര്‍ നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ഇ.എസ്. ബിജി മോള്‍. കരുത്തും അധികാരവും എന്നും ആണ്‍പേരുകള്‍ക്കൊപ്പം മാത്രം ചേര്‍ത്ത് വെച്ച് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വാഭാവികമായും സ്ത്രീകളെ മറക്കുടകളില്‍ മറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിജിമോള്‍ പറഞ്ഞു.
സ്ത്രീ കരുത്തെന്നാല്‍ കണ്ണീരും സൗന്ദര്യവും ലൈംഗികതയും മാത്രമാണെന്ന് ചിന്തിക്കുന്ന അലന്‍സിയര്‍ക്ക്, അത്തരം സൃഷ്ടിയില്‍ അഭിനയിച്ച് ഓസ്‌കാര്‍ നേടട്ടേയെന്നും പറഞ്ഞു.
‘സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ വേദിയില്‍ തന്നെ സംസ്ഥാന സിനിമ അവാര്‍ഡ് ജേതാവ് അലിന്‍സിയര്‍ നടത്തിയ പ്രസ്ഥാവന അങ്ങേയറ്റം സ്ത്രീ വിരുദ്ധവും അവഹേളനവും നിറഞ്ഞതാണ്. കരുത്തും അധികാരവും എന്നും ആണ്‍പേരുകള്‍ക്കൊപ്പം മാത്രം ചേര്‍ത്ത് വെച്ച് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വാഭാവികമായും സ്ത്രീകളെ മറക്കുടകളില്‍ മറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്.
ഇത്തരക്കാര്‍ പെണ്‍ പ്രതിമകളാല്‍ പോലും പ്രലോഭിതരാകും. അത് പുരോഗമനവാദിയെന്ന് അവകാശപ്പെടുന്നവരായാലും സനാതന ധര്‍മവക്താവായാലും. സ്ത്രീ കരുത്തെന്നാല്‍ കണ്ണീരും സൗന്ദര്യവും ലൈംഗികതയും മാത്രമാണെന്ന് ചിന്തിക്കുന്ന കലാകാരാ, അത്തരം മഹാസൃഷ്ടികളില്‍ അഭിനയിച്ച് താങ്കള്‍ക്ക് കരുത്തിന്റെ പ്രതീകമായ ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു,’ ഇ.എസ്. ബിജി മോള്‍ പറഞ്ഞു.
അലന്‍സിയര്‍ നടത്തിയ പ്രസ്താവന സ്ത്രീ സമൂഹത്തിനും അവാര്‍ഡ് കമ്മിറ്റിക്കും അപമാനമാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും പറഞ്ഞു.
‘അലന്‍സിയര്‍ മാപ്പ് പറയണം, പ്രസ്താവന സ്ത്രീസമൂഹത്തിന് അപമാനം, അവാര്‍ഡ് നല്‍കിയ കമ്മിറ്റിക്കും അപമാനം ‘ പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: CPI leader E.S. Biji Mol criticized Alencier’s statement while accepting the state film award.