ന്യൂദല്‍ഹി: കേരള പൊലീസില്‍ ആര്‍.എസ്.എസ് സംഘമുണ്ടെന്ന ആനി രാജയുടെ പരാമര്‍ശത്തില്‍ നടപടി സ്വീകരിക്കേണ്ടെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം.
വിഷയത്തില്‍ ആനി രാജയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും തുടര്‍ന്ന് അവര്‍ നല്‍കിയ വിശദീകരണം എക്‌സിക്യൂട്ടീവ് യോഗം അംഗീകരിക്കുകയായിരുന്നു.
സി.പി.ഐ സംസ്ഥാന നേതൃത്വുമായി കൂടിയാലോചിക്കാതെ പരാമര്‍ശം നടത്തിയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സംസ്ഥാനത്ത് നടന്ന സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് ആനി രാജ മറുപടി നല്‍കുകയായിരുന്നു.
സി.പി.ഐ.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പോലും സംസ്ഥാനത്തുണ്ടാകുന്ന വലത് വ്യതിയാനത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രിപോലും പറഞ്ഞിട്ടുണ്ടെന്നും ആനി രാജ പറഞ്ഞു.
താന്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ മാത്രമാണ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കേണ്ടത്. സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വര്‍ഗ,ബഹുജന സംഘടനകള്‍ക്ക് വിമര്‍ശനം ഉന്നയിക്കാവുന്നതാണെന്നും ആനിരാജ വ്യക്തമാക്കി.
ഈ വിശദീകരണം അംഗീകരിച്ച എക്‌സിക്യൂട്ടീവ് യോഗം, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നേരത്തെ ആനി രാജയുടെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് കത്തയച്ചിരുന്നു.
സംസ്ഥാനത്തെ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി ഘടകവുമായി ആലോചിക്കണമെന്നാണ് പാര്‍ട്ടി കീഴ്‌വഴക്കം. ആനിരാജ ഇതു ലംഘിച്ചെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്.
കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞിരുന്നു.
പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍ വരെ ഉണ്ടാവുന്നു. ദേശീയതലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ നയം.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുകയുണ്ടായി.
അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആ സമയത്ത് കൂടുതല്‍ ശക്തിയോടെ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പൊലീസ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ആനി രാജ പറഞ്ഞത്.