national news
പശുക്കള്‍ ബി.ജെ.പി സര്‍ക്കാരിന്റെ അഭിമാനം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 23, 11:02 am
Thursday, 23rd December 2021, 4:32 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാരുകള്‍ പശുവിനെ അഭിമാനമായി കാണുമ്പോള്‍ മറ്റുള്ളവര്‍ പാപമായാണ് കാണുന്നതെന്ന് മോദി പറഞ്ഞു.

വാരാണസിയില്‍ 870 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പശുവിനേയും എരുമയേയും തമാശയായി ചിത്രീകരിക്കുന്നവര്‍ അതുമായി ജീവിക്കുന്ന നിരവധി പേരെ കാണുന്നില്ല,’ മോദി പറഞ്ഞു. പശുവിനെ തങ്ങള്‍ അഭിമാനമായും പ്രതിപക്ഷം പാപമായുമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ക്ഷീരോല്‍പാദനത്തില്‍ വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി രാജ്യത്തെ ക്ഷീരോല്‍പാദനം 45 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ലോകത്ത് ഇന്നുള്ള ക്ഷീരോല്‍പാദനത്തിന്റെ 22 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.പി മാത്രമല്ല ക്ഷീരോല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നത് എന്നെ സന്തോഷവാനാക്കുന്നു,’ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിലേക്ക് ഭീമമായ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ ആദ്യം 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതികളാണ് മോദി യു.പിയില്‍ ഉദ്ഘാടനം ചെയ്തത്.


വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം മോദി ഉദ്ഘാടനം ചെയ്തിരുന്നു. മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

നേരത്തെ, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Cow sin for Oppn, pride for us: PM Modi lays foundation stone of Banas Dairy Sankul in UP