പത്തനംതിട്ടയിൽ അരളിച്ചെടി തിന്ന പശുവും കിടാവും ചത്തു
Kerala
പത്തനംതിട്ടയിൽ അരളിച്ചെടി തിന്ന പശുവും കിടാവും ചത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 5:09 pm

പത്തനംതിട്ട: പത്തനംതിട്ട തെങ്ങമത്ത് അരളിച്ചെടി തിന്ന പശുവും കിടാവും ചത്തു. തീറ്റ കൊടുക്കുന്നതിനോടൊപ്പം അശ്രദ്ധയിൽ അരളിച്ചെടിയും പെടുകയായിരുന്നു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്.

ആദ്യം കിടാവും പിറ്റേദിവസം പശുവും ചത്തു. ചക്ക കഴിച്ചതിനാൽ ദഹനക്കേട് വന്നു എന്നായിരുന്നു വീട്ടുകാർ കരുതിയത്. അതിനുള്ള മരുന്ന് കൊടുക്കുകയും ചെയ്തു. എന്നാൽ മാറ്റമൊന്നും കാണാത്തതിനാൽ പിന്നീട് കുത്തിവയ്പ്പിനുവേണ്ടി സബ്‌സെന്ററിൽ നിന്ന് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടറെ വിളിക്കുകയായിരുന്നു. പക്ഷെ ഇൻസ്പെക്ടർവരുന്നതിനു മുൻപ് തന്നെ പശുവും കിടാവും ചത്തിരുന്നു.

വീട്ടിലേക്ക് വന്ന ഇൻസ്‌പെക്ടർ അരളിച്ചെടി കണ്ടിരുന്നു. ഇതിൽ സംശയം തോന്നി പോസ്റ്റുമാട്ടം ചെയ്തപ്പോളാണ് അരളിച്ചെടിയാണ് മരണകാരണമെന്ന് അറിഞ്ഞത്‌.

നേരത്തെ, കൊച്ചി വിമാനത്താവളത്തിൽ ഹരിപ്പാട് സ്വദേശിനിയായ സൂര്യ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. യു.കെയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയൽവാസികളോട് യാത്ര പറയുന്നതിനിടെ അശ്രദ്ധമായി അരളിപ്പൂവ് കഴിക്കുകയും വിഴുങ്ങുകയും ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

അരളിയുടെ എല്ലാം ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിന് ഉള്ളിൽ ചെന്നാൽ ഹൃദയത്തെ നേരിട്ട് ബാധിക്കുമെന്നും സൂര്യയുടെ പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വകുപ്പ് മേധാവി ഡോ. ഷരീജ ജയപ്രകാശ് സൂചിപ്പിച്ചിരുന്നു.

അതിനുപിന്നാലെയാണ് പശുവും കിടാവും ചത്ത ഈ സംഭവം. സയനൈഡിന്റെ മൂന്നിലൊന്ന് വേഗത്തിൽ അരളിയുടെ വിഷം പ്രവർത്തിക്കും.എന്നാൽ പലർക്കും അരളിച്ചെടിയുടെ അപകടത്തെക്കുറിച്ച് അറിയില്ല.

പൂവിന്റെ ഭംഗി കാരണം പല വീട്ടുമുറ്റത്തും അരളിചെടി വളർത്താറുണ്ട്. എന്നാൽ അരളിക്ക് ഉണ്ടാക്കാൻ പറ്റുന്ന അപകടം ചെറുതല്ല. അരളിയിലെ വിഷം ഹൃദയാഘാതത്തിനു കാരണമാകും അതോടൊപ്പം കരൾ, ശ്വാസകോശം എന്നിവയെയും നേരിട്ട് ബാധിക്കും.

Content Highlight: cow and calf died after consuming oleander