കോഴിക്കോട്: കൊവിഡ് വൈറസിന്റെ രണ്ടാം വ്യാപനം ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി ഞായറാഴ്ച്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ജില്ലയില്‍ 18-04-2021 മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെയാണ് ജില്ല കളക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ലെന്നും ഞായറാഴ്ചകളില്‍ കൂടിചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കേണ്ടതാണെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ഹോട്ടലുകള്‍ ഉള്‍പ്പടെ ) മാത്രം 7.00 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.
ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പെടെ) തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും കളക്ടര്‍ ഉത്തരവിട്ടു.
അതേസമയം പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്.നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ 2005 ലെ ദുരന്തനിവാരണത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടിവരുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമാണ്. ശനിയാഴ്ച്ച മാത്രം പുതുതായി 13,835 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് ജില്ലയില്‍ മാത്രം 1504 കൊവിഡ് പോസിറ്റീവ് കേസുകള്‍ ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കും പോസിറ്റീവായി. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1476 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7518 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,140 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളില്‍ ചികിത്സയിലുള്ളത് 8903 പേരാണ്. മറ്റു ജില്ലകളില്‍ 44 കോഴിക്കോട് സ്വദേശികള്‍ ചികിത്സയിലുണ്ട്.