കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന മുന്നറിയിപ്പ് ലംഘിച്ച് ഗൃഹപ്രവേശനവും കുര്‍ബാനയും നടത്തിയ സംഭവത്തില്‍ രണ്ടിടങ്ങളില്‍ പൊലീസ് കേസ്.
കോഴിക്കോട് വിലക്ക് ലംഘിച്ച് ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയതിന് വീട്ടുടമയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാണിമേല്‍ കിടഞ്ഞോത്ത് രാജനെതിരെയാണ് കേസ്. ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നിര്‍ദ്ദേശം ലംഘിച്ച് അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തി എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോമി തോമസിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കാസര്‍ഗോഡ് നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് പനത്തടി സെയ്ന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തില്‍ വ്യാഴാഴ്ച വൈകിട്ട് കുര്‍ബാന നടത്തിയതിന്റെ പേരില്‍ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് പൊലീസ് കേസെടുത്തു. വിലക്ക് മറികടന്ന് ചടങ്ങ് നടത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനേയും കളക്ടറേയും വിവരമറിയിക്കുകയായിരുന്നു.