ന്യൂദല്‍ഹി: പീഡനക്കേസ് പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞ് ദല്‍ഹി പാട്യാലഹൗസ് കോടതിയുടെ ഉത്തരവ്. ആസാറാം ബാപ്പുവിനെക്കുറിച്ച് ജയ്പൂര്‍ എ.സി.പി അജയ് ലാംബയും സഞ്ജീവ് മാഥുറും ചേര്‍ന്നെഴുതിയ പുസ്തകം ‘Gunning for the Godman: The True Story behind the Asaram Bapu Conviction’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണമാണ് അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്‍.എസ് മീന തടഞ്ഞത്. ഹാര്‍പര്‍ ആന്‍ഡ് കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം സെപ്തംബര്‍ അഞ്ചിനായിരുന്നു ഇറങ്ങാനിരുന്നത്.
ആസാറാം ബാപ്പുവിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആസാറാമിനെക്കുറിച്ചും അയാളുടെ കേസും അറസ്റ്റും വിചാരണയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകമായിരുന്നു ഇത്.
ആസാറാം ബാപ്പുവിനോടൊപ്പം കുറ്റരോപിതയായിരുന്ന സഞ്ജിത ഗുപ്തയാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ ആദ്യ അധ്യായം വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഈ അധ്യായത്തില്‍ പറയുന്ന കാര്യങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും രാജസ്ഥാന്‍ കോടതിയില്‍ തന്റെ അപേക്ഷ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പുസ്തകം ഇറങ്ങുന്നത് മുന്‍ധാരണകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജിത കോടതിയെ സമീപിച്ചത്.
ആസാറാം ബാപ്പുവിനെക്കുറിച്ചുള്ള പുസ്തകം കോടതി വിചാരണയില്‍ വെളിവാക്കപ്പെട്ട വസ്തുതകളില്‍ നിന്നും വ്യത്യസ്തമാണെന്നും സഞ്ജിത കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുമായി ബന്ധപ്പെട്ട നടപടികളിലേക്കുള്ള ഇടപെടലാകുമെന്നും സഞ്ജിതയുടെ അഭിഭാഷകനായ വിജയ് അഗര്‍വാള്‍ വാദിച്ചു.
നിലിവല്‍ സഞ്ജിതയുടെ ശിക്ഷ കോടതി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷിക്ക് നിരപരാധിയായി തന്നെ തുടരാനുള്ള അവകാശമുണ്ടെന്നും വിജയ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ സാക്ഷികളുടെയോ കേസിന്റെയോ തന്നെ പുനര്‍വിചാരണക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ കേസുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്ന കുറ്റാരോപിതനായ ഒരു വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെയും സിനിമകളുടെയും പ്രസിദ്ധീകരണം കോടതിയിടപ്പെട്ട് തടഞ്ഞ നിരവധി സംഭവങ്ങള്‍ എടുത്തുകാട്ടിയായിരുന്നു വിജയ് അഗര്‍വാളിന്റെ വാദം. നീണ്ട നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കേസിലെ അടുത്ത വാദം നടക്കുന്ന സെപ്തംബര്‍ 30 വരെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് കോടതി വിധിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ആസാറാം ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വെച്ചതിനും ആസാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസ് നടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക