ലൈംഗികാതിക്രമക്കേസ്; മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കണമെന്ന പ്രജ്വല്‍ രേവണ്ണയുടെ ഹരജി തള്ളി
national news
ലൈംഗികാതിക്രമക്കേസ്; മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കണമെന്ന പ്രജ്വല്‍ രേവണ്ണയുടെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2024, 7:48 pm

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ കുറ്റാരോപിതനായ ഹാസനിലെ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി ബെംഗളൂരുവിലെ പ്രത്യേക കോടതി. പ്രജ്വലിന്റെ അഭിഭാഷകന്‍ അരുണ്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയത്.

ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്ന പ്രജ്വല്‍ രേവണ്ണയുടെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് ഹരജിയില്‍ കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കേസ് മെയ് 31ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

മെയ് 31ന് പ്രജ്വല്‍ ജര്‍മനിയില്‍ നിന്ന് നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അന്ന് പുലര്‍ച്ചെ എയര്‍പോട്ടില്‍ എത്തുമ്പോള്‍ തന്നെ പ്രജ്വല്‍നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മെയ് 31ന് അന്വേഷണ സംഘത്തിന് ഹാജരാകുമെന്ന് അറിയിച്ച് പ്രജ്വല്‍ രേവണ്ണ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതിനാലാണ് വിദേശത്തേക്ക് പോകണ്ടി വന്നതെന്ന് വീഡിയോയിൽ പ്രജ്വൽ പറ‍ഞ്ഞിരുന്നു.വിദേശത്തേക്ക് പോയി 3-4 ദിവസത്തിന് ശേഷമാണ് തനിക്കെതിരെയുള്ള കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞതെന്നും പ്രജ്വല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും മെയ് 31ന് രാവിലെ 10 മണിക്ക് മുമ്പായി അതിനെല്ലാമുള്ള മറുപടി നല്‍കുമെന്നും പ്രജ്വൽ പറഞ്ഞു.

പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് സംബന്ധിച്ച കര്‍ണാടക സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വലിന്റെ പ്രതികരണം. നേരത്തെ ഇത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിന് പിന്നാലെയാണ് വിദേശ കാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടികളിലേക്ക് കടന്നത്.

Content Highlight: Court rejects Prajwal Revanna’s anticipatory bail plea in rape case