ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; സോളാര്‍ പീഡന ഗൂഢാലോചന കേസില്‍ കോടതി
Kerala News
ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; സോളാര്‍ പീഡന ഗൂഢാലോചന കേസില്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 12:52 pm

കൊല്ലം: സോളര്‍ പീഡന ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു. ഗേണേഷ് കുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്.

ഗണേഷ് ഒക്ടോബര്‍ 18ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബിന്റെ ഹരജിയിലാണ് കോടതി നടപടി. നേരത്തെ ഗൂഢാലോചനക്കേസില്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചിരുന്നത്. വിഷയത്തില്‍ 14 സാക്ഷികളുടെ മൊഴിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹരജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. സോളാര്‍ പരാതിക്കാരി എഴുതി എന്ന് പറയപ്പെടുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ് കുമാറാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി കേസ് പരിഗണിച്ചത്.

അതേസമയം, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന്
പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Court asks Ganesh Kumar MLA to appear in person in solar harassment conspiracy case