ന്യൂദല്‍ഹി: ദക്ഷിണേഷ്യയിലെ രാജ്യങ്ങള്‍ ഭൂരിപക്ഷ- ന്യൂനപക്ഷ ചിന്താഗതികളില്‍ നിന്നു മാറി ചിന്തിക്കണമെന്നും ബഹുസ്വരതയായിരിക്കണം മേഖലയുടെ ശക്തി എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂദല്‍ഹിയില്‍ ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഹസീനയുടെ പരാമര്‍ശം.
അന്താരാഷ്ട്ര സഹകരണത്തില്‍ ബംഗ്ലാദേശ് മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്നും വരുംകാലത്തില്‍ അതിര്‍ത്തിക്കപ്പുറത്തും സമാധാനവും സുരക്ഷിതത്വവും ഐക്യവും കൊണ്ടു വരാന്‍ ഒന്നിച്ച് ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ-ഭൂരിപക്ഷ ചിന്തകളില്‍ നിന്നു മാറി മതപരമായും, വര്‍ഗപരമായും, ഭാഷാപരവുമായുമുള്ള ദക്ഷിണേഷ്യന്‍ വൈവിധ്യങ്ങളെ ആഘോഷിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ അസമത്വം ഇല്ലായ്മ ചെയ്യാനായി സാമ്പത്തിക വളര്‍ച്ചയില്‍ താഴേത്തട്ടിലേക്കുള്ളവര്‍ക്കും ഉപകാരമുണ്ടാകുന്ന നടപടികള്‍ ആവശ്യമാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹസീന ന്യൂദല്‍ഹിയിലെത്തിയത്. അടുത്ത ദിവസം ഇന്ത്യ ബംഗ്ലാദേശ് കരാറുകള്‍ ഒപ്പു വെക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.