Movie Day
ഏത് സിനിമാ സംഘടന ആയാലും പറച്ചിലും പ്രവൃത്തിയും ഒന്നാകണം; ഞങ്ങളെപ്പോലുള്ളവര്‍ പരിഗണിക്കപ്പെടാറില്ല: സ്‌റ്റെഫി സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 09, 11:07 am
Friday, 9th June 2023, 4:37 pm

‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കെത്തുകയാണ് മലയാള സിനിമയിലെ കോസ്റ്റ്യം ഡിസൈനറായ സ്റ്റെഫി സേവ്യര്‍. രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മലയാള സിനിമയിലെ സംഘടനകളെ പറ്റിയും സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റെഫി.

പുരോഗമനം തുടങ്ങേണ്ടത് ഏറ്റവും താഴേത്തട്ടില്‍ നിന്നാണെന്നും ഏതു സംഘടനയാണെങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളരുതെന്നും സ്റ്റെഫി പറഞ്ഞു.

ഒരു എഡിറ്ററോ ക്യാമറാമാനോ സംവിധായകനാകുമ്പോള്‍ അവരെ ടെക്നിക്കലി ബ്രില്ല്യന്റ് കാറ്റഗറിയിലാണ് പെടുത്തുകയെന്നും എന്നാല്‍ ഒരു ആര്‍ട് ഡയറക്ടറോ മേക്കപ്പ് ആര്‍ടിസ്റ്റോ സംവിധാന രംഗത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് ക്യാമറയെ കുറിച്ച് എന്തറിയാം, എഡിറ്റിങിനെ കുറിച്ച് എന്തറിയാം തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നും സ്റ്റെഫി അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ഫെഫ്കയില്‍ മാത്രം അംഗത്വമുള്ള ഒരാളാണ്. ഡബ്ല്യു.സി.സിയോ മറ്റേതു സംഘടനയോ ആവട്ടെ അവരുടെ ലക്ഷ്യങ്ങള്‍ നല്ലതാണെങ്കില്‍ നമ്മള്‍ ഉറപ്പായും പിന്തുണ കൊടുക്കും. മെമ്പര്‍ഷിപ്പ് എടുക്കണോ വേണ്ടെയോ എന്നുള്ളത് നമ്മുടെ വ്യക്തിപരമായ തീരുമാനമാണല്ലോ.

എനിക്ക് തോന്നുന്ന ഒരു കാര്യം ഏതു സംഘടനയാണെങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് നിലകൊള്ളരുത് എന്നാണ്. പുരോഗമനം തുടങ്ങേണ്ടത് ഏറ്റവും താഴേത്തട്ടില്‍ നിന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ മുകളിലോട്ടു നോക്കിയിട്ട് ഞാന്‍ അവിടെ എത്തിയില്ലല്ലോ എന്ന് പറയുന്നതിന് പകരം നമ്മുടെ താഴെയുള്ളവരെ കൂടി പരിഗണിക്കാന്‍ തയ്യാറാകണം.

നമ്മുടെ പകുതിയെങ്കിലും അവരും വളരുന്നുണ്ടോ എന്ന് എപ്പോഴെങ്കിലുമൊന്ന് ചിന്തിച്ചാല്‍ നല്ലതായിരിക്കും. ഞാന്‍ ഒരു പ്രത്യേക സംഘടനയെ പോയിന്റ് ചെയ്ത് പറയുന്നതൊന്നുമല്ല. നമ്മള്‍ ഒരു ക്യാമറയുടെ മുമ്പില്‍ പുരോഗമനം പറയുന്നത് പോലെയല്ല പ്രാക്ടിക്കലി ഒരു സെറ്റില്‍ വരുമ്പോള്‍.

സിനിമയാണ് എനിക്ക് അറിയുന്ന ഒരു മേഖല എന്നതുകൊണ്ടാണ് ഞാന്‍ സിനിമയെ കുറിച്ച് പറയുന്നത്. അവിടെ സ്ത്രീകളായിട്ടുള്ള ഹെയര്‍ഡ്രെസ്സേര്‍സ് ഉണ്ട്, ജൂനിയര്‍ ആര്‍ടിസ്റ്റുകളുണ്ട്, ഡാന്‍സേര്‍സ് ഉണ്ട് അങ്ങനെ ഞങ്ങളടക്കം ഉള്ളവര്‍ക്ക് ചിലസമയത്ത് വേണ്ട പരിഗണന കിട്ടാറില്ല.

ലൊക്കേഷന്‍ ഷിഫ്റ്റ് ആകുമ്പോള്‍ ഏതു വണ്ടിയില്‍ പോകുമെന്ന് കണ്‍ഫ്യൂഷന്‍ വരുന്ന സമയങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എല്ലാവരെയും കൂടെ ഒന്ന് പരിഗണിച്ചാല്‍ നല്ലതാവുമായിരുന്നു.

നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ഇത്തരം സംഘടനകള്‍ ഒരുപക്ഷേ കുറച്ചുകൂടെയൊക്കെ ജനകീയമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്, സ്റ്റെഫി സേവ്യര്‍ പറഞ്ഞു.

സംവിധാന രംഗത്തേക്കെത്തിയപ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നാലു വര്‍ഷത്തോളമുള്ള തന്റെ പരിശ്രമമാണ് തന്റെ കോണ്‍ഫിഡന്‍സ് എന്നും സ്റ്റെഫി പറഞ്ഞു.

‘ഒരു എഡിറ്ററോ ക്യാമറാമാനോ സംവിധാനം ചെയ്യണമെന്നു പറയുമ്പോള്‍ അവരെ ടെക്നിക്കലി ഒരു ബ്രില്ല്യന്റ് കാറ്റഗറിയില്‍പ്പെടുത്തും. ഒരു ആര്‍ട് ഡയറക്ടറോ മേക്കപ്പ് ആര്‍ടിസ്റ്റോ സംവിധാനം ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് ക്യാമറയെ കുറിച്ച് എന്തറിയാം, എഡിറ്റിങിനെ കുറിച്ച് എന്തറിയാം ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ വരും. ഞാനും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഒരുപാട് ഫേസ് ചെയ്തിട്ടുണ്ട്. നമ്മള്‍ ഇത്രയേ ഉള്ളൂ അതിന്റെ മുകളിലേക്കൊന്നുമറിയില്ല അല്ലെങ്കില്‍ നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ചിലര്‍ക്കുണ്ട്. ഞാനത് അനുഭവിച്ചിട്ടുണ്ട്.

ഇത് എങ്ങനെയോ ഒരു സിനിമ ഓണ്‍ ആയി, ഒരു പ്രൊഡ്യൂസര്‍ വന്നു, കുറച്ച് ആര്‍ടിസ്റ്റുകളെ കിട്ടി, ഇനിയങ്ങോട്ട് എല്ലാവരുടെയും സഹായത്തില്‍ ഒരു സിനിമ ചെയ്യാം, അത്രയും സിമ്പിള്‍ ആയിട്ടല്ല ഞാനിത് ചെയ്തിട്ടുള്ളത്.

ഞാന്‍ കഴിഞ്ഞ മൂന്ന് നാലു വര്‍ഷമായി ഇതിനു വേണ്ടി എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഈ സ്‌ക്രിപ്ര്റ്റ് അല്ല നമ്മള്‍ ചെയ്യാനിരുന്നത്. മറ്റൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. അതാണെങ്കില്‍ പോലും ക്യത്യമായ പ്ലാനിങ്ങോടു കൂടിയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ അത് ചെയ്യാനുള്ള ഒരു കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നു,’ സ്റ്റെഫി പറഞ്ഞു.

Content Highlight: Costume Designer and Director Stephy about malayalam movie associations and her struggles