Kerala News
ആചാരങ്ങളില്‍ തിരുത്ത്; കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 23, 12:56 pm
Sunday, 23rd February 2025, 6:26 pm

കൊച്ചി: വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന് അന്ത്യം കുറിച്ച് എറണാകുളം കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രം. പുരുഷന്മാര്‍ക്ക് ഇനിമുതല്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ കയറാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മേല്‍വസ്ത്രം ധരിച്ച് പുരുഷന്മാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ഭാരവാഹികളും ഉടുപ്പ് ധരിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളില്‍ കയറി.

ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമാണ് ഒരുക്കിയതെന്നും തങ്ങളെ സംബന്ധിച്ച് ഈ തീരുമാനം ചരിത്രപരമാണെന്നും ഭാരവാഹികള്‍ പ്രതികരിച്ചു.

നേരത്തെ കൊല്ലം അരുമാനൂര്‍ നായിനാര്‍ദേവ ക്ഷേത്ര ഭാരവാഹികളും പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ പിന്‍വലിച്ചിരുന്നു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് തീരുമാനമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചിരുന്നു.

ക്ഷേത്രത്തിന്റെ 91ാമത് വാര്‍ഷികോത്സവത്തിന്റെ കൊടിയേറ്റത്തോട് അനുബന്ധിച്ചായിരുന്നു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. തീരുമാനത്തെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും ചെയ്തിരുന്നു.

പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ശ്രീനാരായണ ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ശിവഗിരി സമ്മേളനത്തില്‍, ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരി ദര്‍ശനം നടത്തണമെന്ന വ്യവസ്ഥയുണ്ടെന്നും മറ്റുള്ളവയെ പോലെ ഇത് കാലാന്തരങ്ങളില്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സനാതന ധര്‍മത്തെയും വര്‍ണാശ്രമത്തെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് സ്വാമി സച്ചിദാനന്ദയും ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് പറഞ്ഞത്.

ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ വര്‍ഷങ്ങളായുള്ള ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്.

Content Highlight: Correction in rituals; Men can now wear shirts inside the Kumbalam Lakshminarayana Temple