പ്രശ്‌നത്തിന്റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം എന്നിവക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലില്‍ വ്യക്തതയില്ല; മീഡിയവണ്‍ വിധിയില്‍ ഡിവിഷന്‍ ബെഞ്ച്
Kerala News
പ്രശ്‌നത്തിന്റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം എന്നിവക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലില്‍ വ്യക്തതയില്ല; മീഡിയവണ്‍ വിധിയില്‍ ഡിവിഷന്‍ ബെഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 11:05 pm

കൊച്ചി: മീഡിയ വണ്‍ നിരോധനം ശരിവെക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പകര്‍പ്പ് പുറത്ത്. വിലക്കാന്‍ കാരണമായ പ്രശ്‌നത്തിന്റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം ഇവയ്‌ക്കൊന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലില്‍ വ്യക്തതയില്ലെന്നത് സത്യമാണ് എന്നാണ് ഡിവിഷന്‍ ബെഞ്ച് വിധിയുടെ പോയിന്റ് 55ല്‍ പറയുന്നത്.

ഇന്റലിജന്‍സ് ബ്യൂറോയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുക്രമത്തെയോ രാജ്യത്തിന്റെ സുരക്ഷയെയോ ബാധിക്കുന്ന ചില വശങ്ങള്‍ ഉണ്ടെന്ന് കരുതുന്നു എന്നാണ് പോയിന്റ് 66 പറയുന്നത്. മീഡിയവണ്‍ നിരോധനം ശരിവെക്കുന്ന വിധിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പോയിന്റ്: 55, 63ലെ പരാമര്‍ശങ്ങള്‍.

പോയിന്റ്: 55

പ്രശ്‌നത്തിന്റെ സ്വഭാവം, ആഘാതം, ഗൗരവം, ആഴം ഇവയ്‌ക്കൊന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലില്‍ വ്യക്തതയില്ലെന്നത് സത്യമാണ്. എങ്കിലും സംഗതി രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന സൂചനകളുണ്ട്. ദേശസുരക്ഷയെ കരുതി ഞങ്ങളും കൂടുതലൊന്നും പറയുന്നില്ല.

പോയിന്റ് :63

ഞങ്ങളുടെ മുമ്പാകെ ഹാജരാക്കിയ ഫയലുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, ഇന്റലിജന്‍സ് ബ്യൂറോയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു ക്രമത്തെയോ രാജ്യത്തിന്റെ സുരക്ഷയെയോ ബാധിക്കുന്ന ചില വശങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.

മീഡിയവണ്‍ സുപ്രീം കോടതിയില്‍

ചാനല്‍ വിലക്കിനെതിരെ മീഡിയവണ്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനുമടക്കമുള്ളവര്‍ നല്‍കിയ
അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്.

തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.

ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിന് മുമ്പാകെ കൈമാറിയിരുന്നത്.