ഇതെങ്ങനെ സാധിച്ചു? പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ക്ക് ചോദിക്കാനുള്ളത് ഈ ചോദ്യം മാത്രം!! മാഞ്ചസ്റ്റര്‍ സിറ്റിയെ തളച്ചിട്ട് ഡാനിഷ് പുലികള്‍
Football
ഇതെങ്ങനെ സാധിച്ചു? പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ക്ക് ചോദിക്കാനുള്ളത് ഈ ചോദ്യം മാത്രം!! മാഞ്ചസ്റ്റര്‍ സിറ്റിയെ തളച്ചിട്ട് ഡാനിഷ് പുലികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 3:45 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ഡാനിഷ് സൂപ്പര്‍ ടീമായ എഫ്.സി കോപ്പന്‍ഹേഗന്‍. ഗോള്‍രഹിത സമനിലയിലാണ് കോപ്പന്‍ഹേഗന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരെ തളച്ചത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സീസണില്‍ ആദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാന്‍ സാധിക്കാതെ വന്നത്. ഗ്രൂപ്പ് ജിയില്‍ ഒറ്റ മത്സരം പോലും ജയിക്കാത്ത എഫ്.സി കോപ്പന്‍ഹേഗനാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ തളച്ചിട്ടതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രീമിയര്‍ ലീഗിലെ പല വമ്പന്‍മാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണ് ഡാനിഷ് സൂപ്പര്‍ ലീഗയിലെ പുലികള്‍ ചെയ്ത് കാണിച്ചത്. മാഞ്ചസ്റ്ററിനോട് അഡ്രസില്ലാതെ പരാജയപ്പെട്ട പല പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ക്കും ഈ മത്സരം നല്‍കിയ അമ്പരപ്പ് ചെറുതല്ല.

പോളിഷ് ഗോള്‍കീപ്പര്‍ കാമില്‍ ഗ്രബാറയായിരുന്നു സിറ്റിയെ ജയത്തില്‍ നിന്നും തട്ടിയകറ്റിയത്. മഹ്‌റെസിന്റെ ഒരു പെനാല്‍ട്ടിയടക്കം ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും ഗ്രബാറ തടുത്തിടുകയായിരുന്നു.

 

മത്സരത്തിന്റെ പതിനൊന്നാം മിനിട്ടില്‍ സിറ്റി താരം റോഡ്രിഗോ കോപ്പന്‍ഹേഗന്‍ വലകുലുക്കിയിരുന്നു. ആദ്യം റഫറി ഗോള്‍ അനുവദിക്കുകയും സിറ്റി താരങ്ങള്‍ ആഘോഷം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മഹ്‌റെസിനെതിരെ വാറില്‍ ഹാന്‍ഡ് ബോള്‍ ഉണ്ടായതിനാല്‍ ഗോള്‍ തിരിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന് 22ാം മിനിട്ടില്‍ സിറ്റിക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സൂപ്പര്‍ താരം മഹ്‌റെസിനായില്ല. കോപ്പന്‍ഹേഗന്റെ ഗോള്‍വല കാക്കും ഭൂതത്താനെ മറികടക്കാന്‍ സിറ്റിയുടെ ആ ബുള്ളറ്റ് ഷോട്ടിന് സാധിക്കാതെ വന്നതോടെ കോപ്പന്‍ഹേഗന്റെ ഹോം സ്‌റ്റേഡിയം ആവേശത്തിലാറാടി.

സിറ്റിയുടെ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ഇല്ലാതെയായിരുന്നു ഗ്വാര്‍ഡിയോള തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചത്. എന്നാല്‍ പെപ്പിന്റെ ആ തന്ത്രം വിലപ്പോയില്ല.

കളിയുടെ മുപ്പതാം മിനിട്ടില്‍ സിറ്റിക്ക് അടുത്ത തിരിച്ചടിയും ലഭിച്ചിരുന്നു. സൂപ്പര്‍ താരം സെര്‍ജിയോ ഗോമസിനെ ഡയറക്ട് റെഡ് കാര്‍ഡിലൂടെ റഫറി പുറത്താക്കുകയായിരുന്നു.

പത്ത് പേരുമായി ചുരുങ്ങിയ സിറ്റിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കോപ്പന്‍ഹേഗനും സാധിക്കാതെ വന്നതോടെയാണ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്.

ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ കോപ്പന്‍ഹേഗനെ തകര്‍ത്തുവിട്ടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി വിജയം ആഘോഷിച്ചത്. എതിഹാഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സിറ്റി കോപ്പന്‍ഹേഗനെ പരാജയപ്പെടുത്തിയത്. ജയിക്കാനായില്ലെങ്കിലും സിറ്റിയെ ജയിക്കാന്‍ വിടാതെ ഒരര്‍ത്ഥത്തില്‍ പ്രതികാരം വീട്ടാനും കോപ്പന്‍ഹേഗനായി.

അതേസമയം, ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ ഇരുവരും ആദ്യമുള്ള സ്റ്റാന്‍ഡിങ്‌സില്‍ തന്നെ തുടരുകയാണ്. നാല് കളിയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി സിറ്റി ഒന്നാമത് തുടരുമ്പോള്‍ രണ്ട് വീതം തോല്‍വിയും സമനിലയുമായി കോപ്പന്‍ഹേഗന്‍ നാലാമതാണ്.

 

Content Highlight: Copenhagen drew Manchester City in the UEFA Champions League