national news
സംവരണാനുകൂല്യങ്ങള്‍ക്ക് മാത്രമായുള്ള മതപരിവര്‍ത്തനം ഭരണഘടനയ്‌ക്കെതിരാണ്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 27, 03:00 pm
Wednesday, 27th November 2024, 8:30 pm

ന്യൂദല്‍ഹി: സംവരണാനുകൂല്യങ്ങള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന മതപരിവര്‍ത്തനം ഭരണഘടനയക്കെതിരെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മേത്തല്‍, ആര്‍.മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ക്രിസ്ത്യന്‍ മതം സ്വീകരിച്ചതിനെ തുടര്‍ന്ന് പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സി.സെല്‍വറാണി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹിന്ദുവായ യുവതി മതം മാറിയതോടെ തൊഴില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതോടെയാണ് യുവതി ഹരജി നല്‍കിയത്.

ഒരു വ്യക്തി ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നത് അതിന്റെ തത്വങ്ങളും ആത്മീയ ചിന്തകളിലും പ്രചോദിക്കപ്പെടുമ്പോഴാണെന്നും ജസ്റ്റിസ് മഹാദേവന്‍ പറയുകയുണ്ടായി.

അതേസമയം മതപരിവര്‍ത്തനത്തിന്റെ ഉദ്ദേശം സംവരണം നേടുകയെന്നുള്ളതും മറിച്ച് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതുമല്ലെങ്കില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഗൂഢലക്ഷ്യങ്ങളുള്ള ആളുകള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംവരണ നയത്തിന്റെ സാമൂഹിക ധാര്‍മികതയെ പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹരജിക്കാരന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും വിശ്വസിക്കുകയും ചെയ്യവേ തൊഴില്‍ ആനുകൂല്യത്തിനായി പട്ടിക ജാതി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തേടുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അതിനാല്‍ തന്നെ ഹരജിക്കാരന്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായിരിക്കെ പട്ടിക ജാതി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് കേവലം ജോലി ആവശ്യത്തിനുവേണ്ടി മാത്രമാണെന്നും ഇത് ഭരണഘടനയ്‌ക്കെതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു ഹിന്ദു പിതാവിനും ക്രിസ്ത്യന്‍ അമ്മയ്ക്കും ജനിച്ച സെല്‍വരാണി, ജനിച്ച് താമസിയാതെ ക്രിസ്ത്യാനിയായി മാമോദീസ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഹിന്ദുവാണെന്ന് അവകാശപ്പെടുകയും 2015 ല്‍ പുതുച്ചേരിയില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ എസ്.സി സര്‍ട്ടിഫിക്കറ്റ് തേടുകയും ചെയ്തതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തുന്നത്.

ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വ്യക്തികള്‍ക്ക് അവരുടെ ജാതി ഐഡന്റിറ്റി നഷ്ടപ്പെടുമെന്നും എസ്.സി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് നിര്‍ബന്ധിത തെളിവുകള്‍ നല്‍കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് മാറിയതിനോ വള്ളുവന്‍ ജാതി അംഗീകരിച്ചതിനോ കാര്യമായ തെളിവുകളൊന്നുമില്ലെന്നും വിധിയില്‍ പറയുന്നു.

Content Highlight: Conversion only for reservation benefits unconstitutional: Supreme Court