national news
ആറ് ആഴ്ചയ്ക്കുള്ളിൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ രൂപീകരിക്കുക; സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി
ന്യൂദൽഹി: സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ (എസ്.ഇ.ഐ.എ.എ) രൂപീകരിക്കാത്ത സ്ഥലങ്ങളിലെല്ലാം ആറാഴ്ചയ്ക്കകം രൂപീകരിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
എസ്.ഇ.ഐ.എ.എക്ക് പകരം ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ (DEIAA) ഖനന ആവശ്യത്തിനായുള്ള പാട്ടങ്ങളിൽ പരിസ്ഥിതി ക്ലിയറൻസ് അനുവദിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരാകരിച്ചിരുന്നു. ഈ ഉത്തരവിനെതിരായ സിവിൽ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
പൂജ്യം മുതൽ 25 ഹെക്ടർ വരെയുള്ള പ്രദേശങ്ങൾക്കുള്ള ഖനന പാട്ടത്തിന് റെഗുലേറ്ററി ക്ലിയറൻസുകൾ ഒഴിവാക്കുന്ന 2016 ലെ വിജ്ഞാപനം പരിഷ്കരിക്കാൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് 2018 സെപ്റ്റംബർ 13 ന് ദൽഹിയിലെ എൻ.ജി.ടി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സി.ജെ.ഐ സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിൻ്റെയും ബെഞ്ച്.
ഇത്തരത്തിൽ പാട്ടത്തിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് എസ്.ഇ.ഐ.എ.എക്ക് പകരം ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ ആയിരുന്നു നൽകിയിരുന്നത്. ഇത് 2016 ജനുവരി 15ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് എൻ.ജി.ടിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
2016 ജനുവരി 15 മുതൽ 2018 സെപ്റ്റംബർ 13 വരെയുള്ള കാലയളവിൽ DEIAA നൽകിയ നിരവധി പരിസ്ഥിതി ക്ലിയറൻസുകൾ എസ്.ഇ.ഐ.എ.എ വീണ്ടും വിലയിരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി 2025 മാർച്ച് 31നകം എസ്.ഇ.ഐ.എ.എ മുഖേന എടുക്കേണ്ട പരിസ്ഥിതി ക്ലിയറൻസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള സമയം നീട്ടി. എസ്.ഇ.ഐ.എ.എയുടെ പുനർമൂല്യനിർണ്ണയത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത കക്ഷികൾക്ക് മൂന്ന് ആഴ്ച അധിക സമയം കോടതി അനുവദിച്ചു.
‘സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികളുടെ പുനർമൂല്യനിർണ്ണയം പൂർത്തിയാക്കുന്നതിനുള്ള സമയം ഞങ്ങൾ 31.03.2025 വരെ നീട്ടുന്നു. പരിസ്ഥിതി ക്ലിയറൻസ് വേണ്ട സന്ദർഭങ്ങളിലെല്ലാം ഇത് ബാധകമാകും. കാരണം സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റികൾ നൽകിയ പരിസ്ഥിതി ക്ലിയറൻസുകൾ ഉണ്ടെങ്കിൽ മാത്രമേ ഖനന പ്രവർത്തനങ്ങൾ തുടരാൻ കഴിയൂ. ഇന്ന് മുതൽ ആറാഴ്ചയ്ക്കുള്ളിൽ എസ്.ഇ.ഐ.എ.എ രൂപീകരിക്കണം എന്നത് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണം,’ ബെഞ്ച് നിർദേശിച്ചു.
Content Highlight: Constitute State Environment Impact Assessment Authorities In 6 Weeks If Absent: Supreme Court Directs States