സൂറത്ത് സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ്
national news
സൂറത്ത് സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 06, 05:23 pm
Monday, 6th May 2024, 10:53 pm

അഹമ്മദാബാദ്: സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നിലേഷ് കുംഭാനിയെ പിന്താങ്ങിയ മൂന്ന് പേര്‍ക്കെതിരെ പരാതിയുമായി പി.സി.സി നേതൃത്വം. നിലേഷ് കുംഭാനിയെ പിന്താങ്ങിയ മൂന്ന് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം. സൂറത്ത് പൊലീസ് കമ്മീഷണര്‍ക്കാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

നിലേഷ് കുംഭാനിയെ പിന്താങ്ങിയ മൂവരും നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയ ഒപ്പ് വ്യാജമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. രമേഷ് പോള്‍റ, ജഗദീഷ് സാവാലിയ, ധ്രുവിന്‍ ധമേലിയ എന്നിവര്‍ കുംഭാനിയുടെ പത്രികയില്‍ മനഃപൂര്‍വം വ്യാജ ഒപ്പുകള്‍ രേഖപ്പെടുത്തിയതായാണ് സൂറത്ത് പൊലീസ് കമ്മീഷണര്‍ അനുപം സിങ് ഗഹ്‌ലൗട്ടിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കോണ്‍ഗ്രസ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കിയ റിട്ടേണിങ് ഓഫീസര്‍ സൗരഭ് പര്‍ധിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് സോണല്‍ വക്താവ് സമീര്‍ ഷെയ്ഖ് വിമര്‍ശിച്ചു. അദ്ദേഹം നിഷ്പക്ഷമായി പ്രവര്‍ത്തിച്ചില്ലെന്നും സമീര്‍ ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊലീസിന് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപടിയെടുക്കുമെന്നും സൂറത്ത് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിന് പിന്നാലെ നിലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

നാമനിര്‍ദേശ പത്രിക തള്ളിപ്പോവുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനും പിന്നാലെ നിലേഷുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് നിലേഷ് കുംഭാനിയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ പ്രധാന സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയുടെ മുകേഷ് ദലാല്‍ മാത്രം അവശേഷിച്ചു. പിന്നീട് ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഏകപക്ഷീയമായി മുകേഷ് ദലാല്‍ വിജയിച്ചത്.

Content Highlight: Congress wants register an FIR against three people who supported Nilesh Kumbhani