ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേരുന്ന നേതാക്കളുടെ പേരിലുള്ള കേസുകളെല്ലാം ബി.ജെ.പി അവസാനിപ്പിക്കുന്നതിനെ പരിഹസിച്ച് പത്രസമ്മേളന വേദിയില്‍ വാഷിങ് മെഷീനുമായി കോണ്‍ഗ്രസ്. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ 2017ലെ എയര്‍ ഇന്ത്യ അഴിമതി കേസ് സി.ബി.ഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ വര്‍ഷമാണ് എന്‍.ഡി.എക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി എന്ന് എഴുതിയ വാഷിങ് മെഷീനുമായാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പത്ര സമ്മേളനത്തിന് എത്തിയത്.
‘ബി.ജെ.പിയില്‍ ചേരൂ കേസ് അവസാനിപ്പിക്കൂ’ എന്ന തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍’ പോലെയാണ് ബി.ജെ.പിയുടെ സമീപനമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അഴിമതിയെ പ്രതിനിധീകരിക്കുന്ന ഒരു ടീഷര്‍ട്ട് ഉയര്‍ത്തി കാണിച്ച് ബി.ജെ.പി വാഷിങ് മെഷീനിലിട്ട് അലക്കിയാല്‍ ഇത് വൃത്തിയാകുമെന്ന് പവന്‍ ഖേര പറഞ്ഞു.
മോദി വാഷിങ് പൗഡറാണ് അലക്കാന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ വാഷിങ് മെഷീനിന്റെ തുക 8,500 കോടിയിലധികം രൂപയാണ്. ഇലക്ടറല്‍ ബോണ്ട് വഴിയാണ് ഈ തുക ലഭിച്ചത്. മോദി വാഷിങ് പൗഡര്‍ ഉപയോഗിച്ച് അലക്കിയാല്‍ അഴിമതിക്കറകളൊക്കെ വൃത്തിയാകും,’ പവന്‍ ഖേര പറഞ്ഞു.
മോദി വാഷിങ് പൗഡറെന്ന് എഴുതിയ ലഘുലേഖയും പത്രസമ്മേളത്തില്‍ പങ്കെടുത്തവര്‍ക്ക് അദ്ദേഹം വിതരണം ചെയ്തു. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം എല്ലാ കറകളും ഒറ്റയിക്ക് തുടച്ച് നീക്കുമെന്നും എഴുതിയിട്ടുണ്ട്.
പ്രഫുല്‍ പട്ടേല്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരായ അഴിമതിക്കേസ് സി.ബി.ഐ അവസാനിപ്പിച്ചതും പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, നാരായണ്‍ റാണെ, അജിത് പവാര്‍, അശോക് ചവാന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ബി.ജെ.പി ഇപ്പോള്‍ മൗനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി ആരോപണങ്ങള്‍ നേരിട്ട നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ക്കെതിരായ കേസുകള്‍ ബി.ജെ.പി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിന് മുമ്പും ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇതില്‍ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Congress taunts BJP over ‘clean chit’ to leaders joining saffron party