പുതുച്ചേരി: പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി. മുന്‍മന്ത്രി എ. നമശ്ശിവായം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് 12 പ്രവര്‍ത്തകര്‍ കൂടി പാര്‍ട്ടി വിട്ടത്.
അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുന്‍ നിയമസഭാംഗം ഇ. തീപയ്ന്തന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഇകംബരന്‍, എ.വി വീരരാഘവന്‍, വി. കണ്ണമ്പിരന്‍, സ്റ്റേറ്റ് സെക്രട്ടറിമാരായ എസ്.കെ സമ്പത്ത്, എസ്. സാംരാജ് ഉള്‍പ്പെടെ ഏഴ് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതായി പി.സി.സി അധ്യക്ഷന്‍ എ.വി സുബ്രഹ്മണ്യന്‍ പ്രതികരിച്ചു.
നേരത്തെ പാര്‍ട്ടി വിട്ട മുന്‍മന്ത്രി നമശ്ശിവായവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെയും നടപടിയെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
നമശ്ശിവായം ബുധനാഴ്ച ദല്‍ഹിയില്‍ എത്തി ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 31 ന് പുതുച്ചേരിയില്‍ നടക്കുന്ന ബി.ജെ.പി സമ്മേളനത്തില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ നമശ്ശിവായം പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
നമശ്ശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരില്‍ അദ്ദേഹത്തിന്റെ അണികളില്‍ പലരും കോണ്‍ഗ്രസ് വിട്ടതായി സൂചനയുണ്ട്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇതിനകം 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കിയിട്ടുണ്ട്. അവര്‍ നമശ്ശിവായത്തോടൊപ്പം ബി.ജെ.പി.യില്‍ ചേരുമെന്നാണ് സൂചന. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം.എല്‍.എ.യായ ദീപാഞ്ജനും കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക