തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ത്തി കമന്റുകള്‍. രമേശ് ചെന്നിത്തല തന്നെ വീണ്ടും പ്രതിപക്ഷ നേതാവാകണമെന്ന ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിനെതിരെയാണ് വിമര്‍ശനം.
രാജീവ് ഗാന്ധിയെ ഓര്‍മിച്ചുകൊണ്ട് എഴുതിയ കുറിപ്പിന് താഴെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല വരരുതെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്നുമാണ് ഈ പ്രൊഫൈലുകള്‍ ആവശ്യപ്പെടുന്നത്. പകരം പ്രതിപക്ഷ നേതാവായി വി. ഡി സതീശനെ തന്നെ കൊണ്ട് വരണമെന്നും കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
‘ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല രണ്ടും കൂടി കേരളത്തിലെ കോണ്‍ഗ്രസിനെ നശിപ്പിച്ചു. ഇനി എങ്കിലും ഇറങ്ങി പോകണം,’ ‘പ്രിയ ചാണ്ടി സര്‍, താങ്കളുടെ ഇത്രയും കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ ബഹുമാനിക്കുന്നു, ഈ തോല്‍വിയുടെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് ഇല്ലേ, ഈ ഗ്രൂപ്പ് കളി അവസാനിപ്പിച്ചുകൂടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയ ലക്ഷോപലക്ഷം ആള്‍ക്കാര്‍ക്ക് ഗ്രൂപ്പിനോട് താല്പര്യം ഇല്ല. പാര്‍ട്ടിയെ ആണ് സ്‌നേഹിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയ ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഊണും ഉറക്കമോ ഇല്ലാതെ വേദനിക്കുന്നു, ഞങ്ങള്‍ക് സ്വന്തം നാട്ടില്‍ ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഇനി എങ്കിലും ഇത് വച്ചു മതിയാക്കി പാര്‍ട്ടിയെ രക്ഷിക്കൂ, കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആകൂ, പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ വെക്കൂ..എന്ന് ഒരു എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍’, എന്നാണ് ചില കമന്റുകള്‍.
‘ഇനി എങ്കിലും യുവ നേതാക്കന്മാര്‍ക്ക് വേണ്ടി മാറി കൂടെ. അവസാന കാലം വരേം കടിച്ചു തൂങ്ങി കിടക്കാതെ മാറി നിന്ന് കൂടെ എന്ന് ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. യുവ ജനങ്ങള്‍ക്ക് അവസരം നല്‍കൂ. സേവ് കോണ്‍ഗ്രസ്’, എന്നും ചിലര്‍ കമന്റെ ചെയ്തിരിക്കുന്നു.
വി.ഡി സതീശനും കെ. സുധാകരനും ഇന്നത്തെ നിലയില്‍ പാര്‍ട്ടി തലപ്പത്തേക്ക് വരുന്നതാണ് ഏറ്റവും നല്ലത് അല്ലേല്‍ അണികള്‍ മുഴുവന്‍ ബി.ജെ.പി, സി.പി.ഐ.എമ്മിലേക്ക് പോകും എന്നും ചിലര്‍ പ്രതികരിച്ചിരിക്കുന്നു.
നിലവില്‍ നേതൃനിരയില്‍ ഉള്ളവര്‍ മാറി, മറ്റുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ അവസരം കൊടുക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുന്നതെന്നും ഇത് അവസാനിപ്പിച്ചാലെ കോണ്‍ഗ്രസ് നന്നാവൂ എന്നും ചിലര്‍ പറയുന്നു.
‘നിങ്ങള്‍ ഗ്രൂപ്പ് കളിച്ചു എല്ലാം തുലച്ചു, ഇനി ഞങ്ങള്‍ കാണില്ല കിളവന്‍ ഗ്രൂപ്പിസത്തിലേക്ക്, നിങ്ങള്‍ക്ക് നാണം ഇല്ലേ ഇതുവരെ അധികാരത്തില്‍ അള്ളിപിടിച്ചു കിടക്കാന്‍’, ‘പുതിയ നേതൃത്വം വന്നില്ലെങ്കില്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും. അണികള്‍ ഇല്ലാത്ത കഴുക്കോല്‍ പാര്‍ട്ടി ആകല്ലേ നേതാക്കളെ.(ദല്‍ഹി ഉണ്ട് നമ്മുക്ക് ഗുണപാഠം)’, ‘ഡിയര്‍ ഉമ്മന്‍ ചാണ്ടി സര്‍, തകര്‍ന്ന കോണ്‍ഗ്രസിനെ ഇനിയും അങ്ങായിട്ടു ശവപ്പെട്ടിയില്‍ വെക്കരുത്. അവസാനം താങ്കളെപ്പോലെ കുറച്ചു ആള്‍ക്കാര്‍ കാണും പ്രവര്‍ത്തകര്‍ ആരും കാണില്ല’, എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് മുരളീധരനും ആവശ്യപ്പെട്ടു.
പരാജയത്തിന് കാരണം പാര്‍ട്ടിക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്.