ഗാന്ധി കുടുംബം മാപ്പ് നല്‍കിയാലും പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികള്‍; പേരറിവാളന്റെ മോചനത്തില്‍ കോണ്‍ഗ്രസ്
national news
ഗാന്ധി കുടുംബം മാപ്പ് നല്‍കിയാലും പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികള്‍; പേരറിവാളന്റെ മോചനത്തില്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 11:38 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ മോചിപ്പിച്ച നടപടി വേദനയും നിരാശയുമുണ്ടെന്ന് കോണ്‍ഗ്രസ്. നിസ്സാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനുവേണ്ടി, ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വിമര്‍ശിച്ചു.

മാനുഷിക പരിഗണനയിലാണ് ഗാന്ധി കുടുംബം മാപ്പ് നല്‍കിയതെന്ന് പറഞ്ഞ എ.ഐ.സി.സി ജനറല്‍സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേ വാല, പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികളും കൊലപാതകികളുമാണെന്നും വിശദീകരിച്ചു.

രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തത് രാജ്യത്തിനു വേണ്ടിയാണ് അല്ലാതെ കോണ്‍ഗ്രസിനുവേണ്ടിയല്ലെന്നും സുര്‍ജെവാല പറഞ്ഞു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്നും അവരെയെല്ലാം മോചിപ്പിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

‘രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ ദുഃഖവും അമര്‍ഷവുമുള്ളത് കോണ്‍ഗ്രസുകാര്‍ക്കുമാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരന്മാര്‍ക്കുമുണ്ട്.

തീവ്രവാദി തന്നെയാണ്. അങ്ങനെ വേണം പരിഗണിക്കാനും. ഇന്ന്, രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഗാഢമായ വേദനയും നിരാശയുമുണ്ട്. ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കുന്നത് അപലപനീയവും ഏറെ ദൗര്‍ഭാഗ്യകരമാണ്,’ സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീംകോടതി തീരുമാനം തമിഴ്നാടിന്റെ വലിയ വിജയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. 30 വര്‍ഷത്തിലധികം പേരറിവാളന് ജയിലില്‍ നഷ്ടമായി. ഇന്ന് അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പുതുശ്വാസം ലഭിച്ചിരിക്കുന്നു. സര്‍വ്വ ആശംസകളും നേരുന്നു. മകന്റെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ പ്രവര്‍ത്തനവും നടത്തിയ വ്യക്തിയാണ് അര്‍പ്പുതയമ്മാള്‍. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന കോടതി വിധി മാത്രമല്ലിത്, സംസ്ഥാനത്തിന്റെ അവകാശം കൂടി ശരിവെക്കുന്ന വിധിയാണെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയാക്കപ്പെട്ട് 31 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് കോടതി വിധി.