ആലപ്പുഴ: മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സീറ്റ് വിഭജന തര്‍ക്കങ്ങള്‍ തുടങ്ങി. കുട്ടനാട്ടിലെ സിറ്റിങ് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗം ഭരണ, പ്രതിപക്ഷ മുന്നണികളില്‍ ഒരുപോലെ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നത് യു.ഡി.എഫിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗം മത്സരിച്ച സീറ്റില്‍ ഇത്തവണ ജോസ് കെ. മാണി വിഭാഗം കൂടി പിടിവലി ശക്തമാക്കിയതോടെ സീറ്റ് ഏറ്റെടുക്കാനുള്ള ആലോചനയിലാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജില്ലാ നേതാവ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഇതിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ ഇതോടകം തന്നെ യു.ഡി.എഫില്‍ തുടങ്ങിക്കഴിഞ്ഞു. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കിയാല്‍ ജോസ് പക്ഷം ഇടയുമെന്നതാണ് ഇത്തരമൊരു ചിന്തയിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ജോസഫ് പക്ഷത്ത് കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമല്ലാതെ മറ്റൊരാളെ ഉയര്‍ത്തിക്കാണിക്കാനുമില്ല. ഈ സങ്കീര്‍ണ്ണതയാണ് കോണ്‍ഗ്രസിലേക്ക് സീറ്റ് പോകാനുള്ള സാധ്യതയായി രാഷ്ട്രീയവൃത്തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1987-ല്‍ ഡോ. കെ.സി ജോസഫാണ് യു.ഡി.എഫ് പക്ഷത്തു നില്‍ക്കേ കേരളാ കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ചു ജയിച്ച അവസാന സ്ഥാനാര്‍ഥി. അതിന്റെ അടുത്ത തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് ഇടതുമുന്നണിയിലേക്കു പോയപ്പോള്‍ കെ.സി ജോസഫും അവര്‍ക്കൊപ്പം പോയി. പിന്നെ കെ.സി ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായാണു മത്സരിച്ചതും വിജയിച്ചതും. പിന്നീട് കെ.സി ജോസഫ് യു.ഡി.എഫിലേക്കു തിരിച്ചുവന്നു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഡോ. കെ.സി ജോസഫ്
അതിനു ശേഷം കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ കെ.സി ജോസഫ് അങ്ങോട്ടു പോയി. കെ.സി ജോസഫിനൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മില്‍ കുട്ടനാട്ടിലുണ്ടായിരുന്ന പാതിയോളം അണികള്‍ പോയി. പിന്നീട് അവിടെനിന്ന് അടിത്തറ ശക്തിപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് എമ്മിനായിട്ടില്ല. ഇതിനു പിറകെ സംഭവിച്ച ജോസ് കെ. മാണി- പി.ജെ ജോസഫ് പിളര്‍പ്പും പാര്‍ട്ടിക്കു ക്ഷീണമായി.
ഇത്തവണയും മുന്‍പു പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ജോസഫ് പക്ഷത്തിന്റെ നീക്കം കൊണ്ടു കാര്യമില്ലെന്നാണ് യു.ഡി.എഫിലെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ജേക്കബ് എബ്രഹാമിന്റെ പ്രചാരണം പോലും വേണ്ടത്ര കാര്യമായി നടന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ജോസ് പക്ഷത്തിനാവട്ടെ, ഉയര്‍ത്തിക്കാണിക്കാന്‍ കുട്ടനാട്ടില്‍ നിന്നൊരു സ്ഥാനാര്‍ഥിയില്ല താനും. കുട്ടനാട്ടില്‍ ജോസ് പക്ഷത്തിനു സ്വാധീനം കുറവാണെന്നതാണു യാഥാര്‍ഥ്യം. മത്സരിക്കാന്‍ ഉറച്ചാല്‍ തങ്ങള്‍ക്കു സ്വാധീനമുള്ള തിരുവല്ലയില്‍ നിന്നൊരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാനാണ് ജോസ് പക്ഷം ആലോചിക്കുന്നതെന്ന് ജോസഫ് പക്ഷത്തെ നേതാക്കള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നതു രണ്ടു പേരുകള്‍
കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത് രണ്ടു പേരുകളാണെന്ന് പാര്‍ട്ടിയുടെ ഒരു കുട്ടനാട് മണ്ഡലം കമ്മിറ്റി നേതാവ് ഡൂള്‍ന്യൂസിനോടു പറഞ്ഞു. അതില്‍ ഏറ്റവും മുന്‍ഗണനയുള്ള പേര് ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെയാണ്. രണ്ടാമത്തെയാള്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് സജി ജോസഫാണ്. സജി ജോസഫിന്റെ പേര് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉയര്‍ന്നുവന്നിരുന്നു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റാണെങ്കിലും സജി കുട്ടനാട് സ്വദേശിയാണ്.
എം. ലിജു
ഡി.സി.സി പ്രസിഡന്റ് ആയതുകൊണ്ടുതന്നെ ലിജുവിനു സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍. കൂടാതെ ഹരിപ്പാടുകാരനായ ലിജുവിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ത്തന്നെ എതിര്‍പ്പുണ്ട്. മാത്രമല്ല, ഈഴവ സമുദായക്കാരനാണ് ലിജു. മണ്ഡലത്തില്‍ ഈഴവ സമുദായത്തേക്കാള്‍ സ്വാധീനം റോമന്‍ കത്തോലിക്കര്‍ക്കാണ്. സജിയെപ്പോലൊരു റോമന്‍ കത്തോലിക്കക്കാരനുള്ളപ്പോള്‍ ലിജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
ഐ ഗ്രൂപ്പുകാര്‍ക്കു കുട്ടനാട്ടില്‍ സ്വാധീനം കുറവാണെന്നതും ലിജുവിനു തിരിച്ചടിയാണ്. സജി എ ഗ്രൂപ്പുകാരനാണു താനും. അവര്‍ക്കു മണ്ഡലത്തില്‍ ഭേദപ്പെട്ട സ്വാധീനമുണ്ട്.
കോണ്‍ഗ്രസില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുന്നത് പി.ടി തോമസിന്റെ നേതൃത്വത്തിലാണ്. അദ്ദേഹമാണ് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷിനും ഈ നിലപാടാണ്.
തോമസ് ചാണ്ടിക്കു പകരം ആര്?
എന്‍.സി.പിക്കാവട്ടെ, തോമസ് ചാണ്ടി കുട്ടനാട്ടില്‍ സൃഷ്ടിച്ച വ്യക്തിപ്രഭാവം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ തന്നെ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും മത്സരിപ്പിക്കേണ്ടി വരും. തോമസ് ചാണ്ടി കുട്ടനാട്ടുകാര്‍ക്കു രാഷ്ട്രീയക്കാരന്‍ മാത്രമല്ല എന്നതാണു യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ അടിത്തറയായിരുന്നു 2006-ല്‍ അദ്ദേഹത്തെ ഡി.ഐ.സി (കെ) പാര്‍ട്ടിയുടെ ഏക എം.എല്‍.എയാക്കിയതും പിന്നീട് തുടര്‍ച്ചയായി എന്‍.സി.പിയില്‍ നിന്നു നിയമസഭയിലെത്തിച്ചതും.
തോമസ് ചാണ്ടി
ഇതു തുടരാന്‍ അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന സഹോദരന്‍ തോമസ് കെ. തോമസാണു നല്ലതെന്നാണ് എന്‍.സി.പിയിലെ ഭൂരിപക്ഷ അഭിപ്രായമെന്നാണ് പാര്‍ട്ടി നേതാക്കളിലൊരാള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. തോമസ് കെ. തോമസാണ് തോമസ് ചാണ്ടി വിദേശത്തായിരിക്കുമ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി പങ്കെടുത്തിരുന്നതും അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നതും. പിന്നെ നേരിയ സാധ്യതയുള്ളത് തോമസ് ചാണ്ടിയുടെ രണ്ടു മക്കളില്‍ അമേരിക്കയിലുള്ള മകള്‍ക്കാണ്.
സി.പി.ഐ.എം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം
ഇതിനിടയില്‍ സി.പി.ഐ.എം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഏറെക്കാലമായി ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ മറുവശത്തു നില്‍ക്കുന്നുണ്ട്. വി.എസ് പക്ഷത്തിനു നല്ല വേരോട്ടമുള്ള മണ്ഡലം എന്‍.സി.പിക്ക് ഇനിയും നല്‍കേണ്ടെന്ന നിലപാടിലാണ് സജി ചെറിയാന്‍ വിഭാഗം.
മാത്രമല്ല, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ ഏഴെണ്ണം തങ്ങള്‍ക്കൊപ്പമാണെന്ന ആത്മവിശ്വാസവും സീറ്റ് ഏറ്റെടുക്കണമെന്നു വാദിക്കുന്നതില്‍ ഈ വിഭാഗത്തിനുണ്ട്. ഏഴ് സീറ്റുകള്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍, ആറെണ്ണം യു.ഡി.എഫിനൊപ്പമുണ്ട്.
എന്നാല്‍ ജി. സുധാകരന്‍ പോലും തോറ്റ മണ്ഡലമാണ് ഇതെന്നതാണ് സി.പി.ഐ.എമ്മിനെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങള്‍. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കി, പകരം ചങ്ങനാശ്ശേരി സീറ്റ് സി.പി.ഐ.എം ഏറ്റെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഡോ. കെ.സി ജോസഫ് തന്നെയായിരിക്കും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനായി മത്സരിക്കുക. ഇതിനും സാധ്യത വളരെക്കുറവാണ്.