അവസാനം കശ്മീര്‍ രാഷ്ട്രീയം നേതാക്കളെ പഠിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഡല്‍ഹിയിലേക്കെത്താന്‍ നേതാക്കളോട് ആവശ്യപ്പെട്ടു
Congress Politics
അവസാനം കശ്മീര്‍ രാഷ്ട്രീയം നേതാക്കളെ പഠിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഡല്‍ഹിയിലേക്കെത്താന്‍ നേതാക്കളോട് ആവശ്യപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 7:08 pm

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനകത്ത് നിന്ന് വ്യത്യസ്ത സ്വരങ്ങളാണ് ഉയര്‍ന്നത്. ഇത് ബി.ജെ.പി ഉപയോഗിക്കുകയും കോണ്‍ഗ്രസിനെതിരെ വന്‍ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്തിരിക്കുകയാണ്. ബി.ജെ.പിയെ ഫലപ്രദമായി എതിര്‍ക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി നേതാക്കള്‍ക്ക് പാഠശാല ഒരുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പിയെ ഫലപ്രദമായി എതിര്‍ക്കാന്‍ നേതാക്കളെ പഠിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന പാഠശാല ആദ്യം നടക്കുക ദല്‍ഹിയിലാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം ആണ് സെപ്തംബര്‍3ന് നടക്കുന്ന പാഠശാലയില്‍ പങ്കെടുക്കുക. ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്യും.

ഡല്‍ഹിയിലെ പാഠശാലക്ക് ശേഷം ബ്ലോക്ക് തലത്തില്‍ വിവിധ തരത്തിലുള്ള പാഠശാലകള്‍ സംഘടിപ്പിക്കും. കശ്മീര്‍ വിഷയവും പാര്‍ട്ട്ി പ്രത്യയശാസ്ത്രത്തെ കുറിച്ചും ഈ പാഠശാലകളില്‍ ചര്‍ച്ച ചെയ്യും.