'രാഹുല്‍ തയ്യാറല്ലെങ്കില്‍ പാര്‍ട്ടിക്ക് മറ്റൊരാളെ തെരഞ്ഞെടുക്കേണ്ടതുണ്ട്'; നേതൃത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കണമെന്ന് ശശി തരൂര്‍
national news
'രാഹുല്‍ തയ്യാറല്ലെങ്കില്‍ പാര്‍ട്ടിക്ക് മറ്റൊരാളെ തെരഞ്ഞെടുക്കേണ്ടതുണ്ട്'; നേതൃത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കണമെന്ന് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd February 2020, 4:17 pm

ന്യൂദല്‍ഹി: പാര്‍ട്ടിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആശങ്ക പരിഹരിക്കുന്നതിനായി നേതൃത്വം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കണമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാര്‍ട്ടിയെ മെച്ചപ്പെട്ട തരത്തില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ ഇത് നിര്‍ണ്ണായകമാണെന്നും ശശി തരൂര്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയുടെ അധ്യക്ഷനായി തിരിച്ചുവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും അല്ലാത്ത പക്ഷം പാര്‍ട്ടിക്ക് നേതൃത്വത്തെ തെരഞ്ഞെടുക്കേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

‘പാര്‍ട്ടി അധ്യക്ഷനായി തിരിച്ചു വരാന്‍ രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തിരിച്ചു വരണം. എന്നാല്‍ അദ്ദേഹം നിലപാട് മാറ്റാന്‍ തയ്യാറല്ലെങ്കില്‍ പാര്‍ട്ടിക്ക് ഊര്‍ജ്ജസ്വലനായ മുഴുവന്‍ സമയ നേതൃത്വത്തെ തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ രാജ്യം പ്രതീക്ഷിക്കുന്നത് പോലെ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിയുകയുള്ളു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ നയങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ബദല്‍ ആണെന്നും ശശി തരൂര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രിയങ്ക തല്‍സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ഒരു പേരിനും താന്‍ എതിരല്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
അതേസമയം പ്രിയങ്ക ഗാന്ധിക്ക് സംഘാടന ശേഷിയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ